സച്ചിന്‍ വില്യംകഴക്കൂട്ടം: സൈനിക റിക്രൂട്ട്മെന്റ് റാലിയിലെ ഓട്ടത്തിനിടെ കുഴഞ്ഞുവീണ ഉദ്യോഗാര്‍ഥി മണിക്കൂറുകള്‍ക്കു ശേഷം മരിച്ചു. കാസര്‍കോട് നീലേശ്വരം പാലാത്തടം മഡോണ ഹൗസില്‍ എന്‍.ശേഖരന്റെയും എഫ്.ഗേളിയുടെയും മകന്‍ സച്ചിന്‍ വില്യം(23) ആണ് മരിച്ചത്. റിക്രൂട്ട്മെന്റ് റാലി നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാവിലെ മറ്റ് ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം സച്ചിനും കായികക്ഷമത തെളിയിക്കാന്‍ ഇറങ്ങിയിരുന്നു.

ഓട്ടത്തിനിടെ കുഴഞ്ഞുവീണ സച്ചിന് അവിടെ പ്രാഥമികശുശ്രൂഷ നല്‍കി. കുറേക്കഴിഞ്ഞ്, കുഴപ്പമൊന്നുമില്ലെന്നു തോന്നിയതിനാല്‍, റാലിയുടെ നടത്തിപ്പുകാര്‍ സച്ചിനെ കാസര്‍കോട്ടുകാരായ മറ്റ് ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം താമസസ്ഥലത്തേക്കു വിട്ടു. ഇവര്‍ക്കു തങ്ങാന്‍ സൗകര്യം കൊടുത്തിരുന്നത് ചന്തവിള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ്. അവിടൈയത്തി, ശുചിമുറിയില്‍ പോയിവന്ന സച്ചിന്‍ കുറച്ചുനേരം വിശ്രമിച്ചു.

ഉച്ചയ്ക്ക് ഒന്നര മണിയോടെ സച്ചിന്‍ പഴം കഴിച്ചപ്പോള്‍ ഛര്‍ദ്ദിച്ചുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അവര്‍ 108 ആംബുലന്‍സ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതുകൊണ്ട് ഓട്ടോറിക്ഷ വിളിച്ചു. മറ്റുള്ളവര്‍ പിടിച്ചിരുന്നെങ്കിലും സച്ചിന്‍ നടന്നാണ് ഓട്ടോയില്‍ കയറിയത്. കഴക്കൂട്ടം സി.എസ്.ഐ. മിഷന്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സച്ചിന്‍ വളരെ അവശനായിരുന്നു. ഉടന്‍ അത്യാഹിതവിഭാഗത്തിലാക്കി. ഹൃദയമിടിപ്പ് തീരെ കുറവാണെന്നും ഗുരുതരമാണെന്നുമാണ് കൂടെപ്പോയവര്‍ക്ക് കിട്ടിയ വിവരം.

അല്പം കഴിഞ്ഞ് മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനയും പോസ്റ്റുമോര്‍ട്ടവും കഴിഞ്ഞ് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. മംഗളൂരുവിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയിരുന്നു സച്ചിന്‍. കാസര്‍കോട് സര്‍ക്കാര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനി സോന സഹോദരിയാണ്.

Content Highlights: Youth dies during physical test for Army recruitment