ന്യൂഡൽഹി: കേരളത്തിലെ യൂത്ത് കോൺഗ്രസിലും പടലപ്പിണക്കം. ഭാരവാഹികളെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് വീതംവെപ്പിലൂടെയാണെന്നുകാട്ടി അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരേ ഇരുപതോളം സംസ്ഥാന ഭാരവാഹികൾ ഒപ്പിട്ട് പാർട്ടി നേതാവ് രാഹുൽ ഗാന്ധിക്ക് പരാതി നൽകി. കേരളത്തിന്റെ ചുമതലയുള്ള ഐ.വൈ.സി. ജനറൽ സെക്രട്ടറി അബ്രഹാം റോയ് മാണിയും വീതം വെപ്പിനെ പിന്തുണയ്ക്കുന്നതായി പരാതിയിൽ പറയുന്നു.

പുതിയ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽനിന്ന് പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ഷാഫി പറമ്പിലും റോയ് മാണിയും സംഘടനയെ പിന്നോട്ടടിപ്പിക്കുകയാണെന്നാണ് ആരോപണം. കേന്ദ്ര പ്രതിനിധിയെന്ന നിലയിൽ നിഷ്പക്ഷതയോടെ ഇടപെടേണ്ട റോയ് മാണി സ്വജനപക്ഷപാതം കാട്ടുന്നു. സ്വന്തം നാട്ടിൽ ചുമതല നൽകരുതെന്ന കീഴ്‌വഴക്കം റോയിയുടെ നിയമനകാര്യത്തിൽ ലംഘിച്ചു. സംഘടനയുടെ ചരിത്രത്തിൽ ഇല്ലാത്ത നടപടിയാണിത്. ഇദ്ദേഹം ഗ്രൂപ്പ് നോമിനിയെ പോലെയാണ് പ്രവർത്തിക്കുന്നത്.

ഈ നിയമനത്തിനുമുന്നേ ചില മേഖലകളിൽനിന്നുള്ള ഭാരവാഹികളുടെ അഭിപ്രായംപോലും ചോദിച്ചില്ല. ഷാഫിയും റോയിയും ചേർന്ന് മറ്റു ഭാരവാഹികളുടെയെല്ലാം നിർദേശങ്ങൾ തള്ളുകയാണ്. ഇരുവരും ചേർന്ന് ഭാരവാഹികളെയെല്ലാം ഗ്രൂപ്പടിസ്ഥാനത്തിൽമാത്രം നിശ്ചയിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലും ഹൈക്കമാൻഡിലും വിശ്വസിച്ച് ഗ്രൂപ്പില്ലാതെ പ്രവർത്തിക്കുന്നവർക്കൊന്നും യുവജനസംഘടനയിൽ സ്ഥാനമില്ല. കഴിവുള്ളവരെല്ലാം അവഗണിക്കപ്പെടുകയാണ്. അതിനാൽ ഇക്കാര്യത്തിൽ രാഹുൽ ഉടൻ ഇടപെടണമെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം.

നേരത്തേ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനെ ദേശീയവക്താവായി നിയമിച്ചപ്പോൾ ഷാഫി ഇടപെട്ടാണ് പട്ടിക മരവിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അന്നും സംഘടനയ്ക്കുള്ളിൽ ഷാഫിക്കെതിരേ ചിലർ പരാതിയുമായി എത്തിയിരുന്നു.