തൊടുപുഴ: ധീരജ് വധക്കേസിൽ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടും അവർക്കെതിരേ നടപടിയെടുക്കാതെ യൂത്ത് കോൺഗ്രസ് നേതൃത്വം. കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി നിഖിൽ പൈലി യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റും, രണ്ടാംപ്രതി ജെറിൻ ജോജോ ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റുമാണ്. വ്യാഴാഴ്ച കോടതിയിൽ കീഴടങ്ങിയവരും ഒളിവിലുള്ള മറ്റ് രണ്ട് പ്രതികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്.

പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇവർക്കെതിരേ ഗൂഢാലോചന ആരോപിച്ചിരുന്നു. കൊലപാതകംനടന്ന് അഞ്ച്‌ ദിവസമായിട്ടും നടപടി സ്വീകരിക്കാത്തത് വിമർശനമുയർത്തുന്നുണ്ട്. പ്രതികൾക്കെതിരെ സംഘടനാനടപടി പോലും സ്വീകരിക്കാതെ കോൺഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണെന്നും കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന നടപടിയാണ് അവരുടേതെന്നും സി.പി.എം. നേതൃത്വം ആരോപിക്കുന്നു.