കൊച്ചി: ‘‘വണ്ടിയിൽ എപ്പോഴും അലക്കിത്തേച്ച രണ്ടുസെറ്റ് വസ്ത്രങ്ങളും എപ്പോഴും ഉണ്ടാകും. അത്യാവശ്യം വന്നാൽ തട്ടുകട പരിചയമുള്ള ഒരാളെ ഏൽപ്പിച്ച്, വസ്ത്രംമാറി വേഗം സ്ഥലത്തെത്തും. സമരം ആണെങ്കിൽ പോലീസ് കേസും മറ്റ് പ്രശ്നങ്ങളുമൊക്കെയാണെങ്കിൽ തിരിച്ചെത്താൻ വൈകും. അപ്പോൾ അവർതന്നെ ബാക്കി കാര്യങ്ങൾ നോക്കിക്കോളും.’’ -പറയുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ ആണ്.

ആലുവ യു.സി. കോളേജിൽ കലാലയ രാഷ്ട്രീയത്തിൽ ഇറങ്ങി കോളേജ് ചെയർമാനായി മാറിയാണ് ജിന്റോ രാഷ്ട്രീയത്തിന്റെ ആദ്യ ചുവടുകളിൽ എത്തുന്നത്. അയ്യമ്പുഴ സ്വദേശിയായ ജിന്റോ രാവിലെ വിദ്യാർഥിയും കോളേജ് ചെയർമാനുമായും രാത്രിയിൽ കളമശ്ശേരിയിൽ പെയിന്റിങ്‌ തൊഴിലാളിയായും ജോലിചെയ്തു. കോളേജിലെ അടുത്ത സുഹൃത്തുക്കളല്ലാതെ മറ്റാരും ഈ വേഷപ്പകർച്ച അറിഞ്ഞിരുന്നില്ല.

സാമ്പത്തികശാസ്ത്രത്തിൽ ബിരുദത്തിന് 83 ശതമാനവും ബിരുദാനന്തര ബിരുദത്തിന് 72 ശതമാനവും മാർക്ക്‌ തേടിയ ജിന്റോ എം.ഫിൽ മൂന്നാം റാങ്കോടെയാണ് പാസായത്. നിലവിൽ കുസാറ്റ് സർവകലാശാലയിൽ സാമ്പത്തികശാസ്ത്രത്തിൽ പി.എച്ച്.ഡി. ചെയ്യുകയുമാണ് അദ്ദേഹം. അതോടൊപ്പം, നായത്തോട് ഒരു തട്ടുകടയും നടത്തുന്നു. രാവിലെ 8 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന തട്ടുകടയിലെ എല്ലാ ജോലികളും ഇദ്ദേഹത്തിന്റെ കൈയിൽ ഭദ്രമാണ്.

എം.ഫിലിന് ശേഷം കുറച്ചുനാൾ ഗസ്റ്റ് അധ്യാപകനായി ജോലിചെയ്തിരുന്നു. എന്നാൽ, രാഷ്ട്രീയ സമരത്തിൽ പങ്കെടുക്കലും പരിക്കേൽക്കലുമെല്ലാം ഒരു വിഷയമായപ്പോൾ ആ ജോലി ഉപേക്ഷിച്ചു. പിന്നീട് ‘യോഗ’ പരിശീലകനായി. കോവിഡും ലോക്‌ഡൗണും വന്നപ്പോൾ അതും നിന്നു. ഇപ്പോൾ തട്ടുകടയാണ് ആശ്രയം.

‘‘സ്വന്തമായി വരുമാനം കണ്ടെത്തി വേണം രാഷ്ട്രീയത്തിൽ നിൽക്കാനെന്നത് എന്റെ ആശയമാണ്. അല്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് വരുമാനം കണ്ടെത്തേണ്ടി വരും, അതിനോട് താത്പര്യമില്ല’’ -ജിന്റോ പറയുന്നു.

രാഹുൽ ഗാന്ധി കെ.എസ്.യു.വിൽ തിരഞ്ഞെടുപ്പ് കൊണ്ടുവന്നപ്പോൾ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റായിരുന്നു ജിന്റോ, അക്കാലത്താണ് എറണാകുളം മഹാരാജാസ് കോളേജ് കെ.എസ്.യു. തിരിച്ചുപിടിക്കുന്നതും. പിന്നീട് യൂത്ത് കോൺഗ്രസ് ചാലക്കുടി പാർലമെന്റ്‌ മണ്ഡലത്തിൽ ഡീൻ കുര്യാക്കോസിന്റെ കമ്മിറ്റിയിൽ നിന്ന് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

സജീവ രാഷ്ട്രീയത്തിൽ തുടരണമെന്നു തന്നെയാണ് ആഗ്രഹം. തട്ടുകട നിർത്തി മറ്റു ജോലികൾ തത്‌കാലം ആരംഭിക്കാൻ സാധിക്കുന്ന അവസ്ഥയല്ല. സമരവും മറ്റുമായി ഏഴ് വർഷത്തിനുള്ളിൽ 44 കേസുകളാണ് നിലവിലുള്ളത്. സർക്കാർ ജോലിയൊന്നും ഇനി ഒരിക്കലും നടക്കില്ല. ഗവേഷണം കഴിഞ്ഞ് മറ്റു കാര്യങ്ങൾ ആലോചിക്കാമെന്നാണ് ഇപ്പോൾ കരുതുന്നത്.

രാഷ്ട്രീയവും തട്ടുകടയും പഠനവുമായുള്ള ഓട്ടത്തിനിടയിൽ ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കാണാനുള്ള ഓട്ടവും നടത്തുന്നുണ്ട് ഈ നേതാവ്.

Content Highlights: youth congress general secretary jino john