Robberyഅടിമാലി: എ.എസ്.ഐ.യുടെ വീട്ടിൽനിന്ന്‌ 18 പവൻ സ്വർണം തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. എ.എസ്.ഐ.യുടെ കൗമാരക്കാരനായ മകനെ ഉപയോഗിച്ചാണ് പ്രതി മോഷണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി മാങ്കടവ് അനന്തശ്ശേരിയിൽ ഡോണറ്റ് ജെയിംസി(22)നെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. എറണാകുളം ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐ.യുടെ പരാതിയിലാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ‌അടുത്തിടെ വീട്ടിൽനിന്ന്‌ 18 പവൻ സ്വർണം നഷ്ടമായതായി കാട്ടി എ.എസ്.ഐ. അടിമാലി പോലീസിൽ പരാതി നൽകി. എന്നാൽ, മോഷണം നടന്നതിന്റെ യാതൊരു ലക്ഷണവും വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ എ.എസ്.ഐ.യുടെ മകനായ കൗമാരക്കാരനെ ചോദ്യംചെയ്തു.

ഡോണറ്റിന്റെ നിർദേശപ്രകാരം താൻ വീട്ടിൽനിന്ന്‌ സ്വർണം എടുത്തുനൽകുകയായിരുന്നുവെന്ന് കൗമാരക്കാരൻ മൊഴി നൽകി. സ്വർണം വാങ്ങിയശേഷം ഡോണറ്റ് എ.എസ്.ഐ.യുടെ മകന് പണം നൽകിയിരുന്നതായും പോലീസ് കണ്ടെത്തി. തുടർന്ന് ഡോണറ്റ് ജെയിംസിനെ ചോദ്യം ചെയ്തതിൽനിന്നും ഇയാൾ സമാനമായ മറ്റൊരു തട്ടിപ്പും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

സ്വർണം വിറ്റുകിട്ടുന്ന പണംകൊണ്ട് ഡോണറ്റ് ജെയിംസ് ആർഭാട ജീവിതം നയിച്ചിരുന്നതായും പോലീസ് പറഞ്ഞു.

സംഭവത്തിൽ ഡോണറ്റിന്റെ സുഹൃത്തുക്കൾക്കും പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാൾ പണയപ്പെടുത്തിയ 10 പവൻ സ്വർണം പോലീസ് കണ്ടെടുത്തു. പരിശോധന തുടരുകയാണ്. ഡോണറ്റിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ എ.എസ്.ഐ.യുടെ മകനായ കൗമാരക്കാരനെതിരെയും കേസുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അടിമാലി സി.ഐ. അനിൽ ജോർജ് പറഞ്ഞു.

Content Highlights: Youth arrested for stealing gold from ASI's house