aluva accidentആലുവ: റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ച യാത്രക്കാരന് ദാരുണാന്ത്യം. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച് റോഡിൽ തലയിടിച്ചു വീണ് എടത്തല എസ്.ഒ.എസ്. കുട്ടികളുടെ ഗ്രാമത്തിലെ അംഗമായ ഹസീന മൻസിലിൽ റിയാസ് (23) മരിച്ചു.

എസ്.ഒ.എസ്. അംഗമാണെങ്കിലും എടത്തലയിൽ തന്നെ വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു റിയാസ്. കൊച്ചിൻ ബാങ്ക് കവലയിൽ എടയപ്പുറത്തേക്ക് തിരിയുന്ന ഭാഗത്തെ കുഴിയാണ് അപകടമുണ്ടാക്കിയത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം.

റോഡിലെ കുഴി റിയാസിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഇവിടെ വഴിവിളക്കുമുണ്ടായിരുന്നില്ല. കുഴിക്ക്‌ തൊട്ടടുത്തെത്തിയപ്പോൾ വലത്തേക്ക്‌ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. റിയാസ് ഹെൽമെറ്റ് ധരിച്ചിരുന്നുമില്ല. റോഡിലെ വലിയ കുഴി നേരത്തെ കോൺക്രീറ്റ് ഉൾപ്പെടെയുള്ളവ കൊണ്ട് അടയ്ക്കാൻ ശ്രമം നടത്തിയിരുന്നു.

റോഡിൽ തലയിടിച്ചു വീണ് പരിക്കേറ്റ റിയാസ് ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. ബൈക്കിൽ റിയാസിനൊപ്പം ഉണ്ടായിരുന്ന എസ്.ഒ.എസ്. അന്തേവാസിയായ സുഹൃത്ത് ജാക്സൺ മാടാനി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂട്ടിയിടിച്ച സ്കൂട്ടർ യാത്രക്കാരൻ കൊല്ലം സ്വദേശി മഹേഷിന് കാലിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ജനിച്ച് ആറു മാസമായപ്പോഴാണ് റിയാസ് ചൈൽഡ് വെൽഫെയർ സൊസൈറ്റി മുഖാന്തിരം എസ്.ഒ.എസ്. ഗ്രാമത്തിലെത്തുന്നത്. അവിടെ വളർന്ന റിയാസ് കോയമ്പത്തൂർ എ.ജെ.കെ. കോളേജിൽനിന്ന് ബി.ബി.എ. പൂർത്തിയാക്കിയിരുന്നു. അങ്കമാലിയിൽ സുഹൃത്തുക്കളോടൊപ്പം ബുട്ടീക് നടത്തിവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലികൾക്കു ശേഷം എടത്തലയിലെ വാടക വീട്ടിലേക്ക്‌ വരുമ്പോഴാണ് അപകടമുണ്ടായത്.

റിയാസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം എസ്.ഒ.എസ്. കുട്ടികളുടെ ഗ്രാമത്തിൽ പൊതുദർശനത്തിനു വെച്ചു. തുടർന്ന് മലേപ്പള്ളി ജുമാ മസ്ജിദിൽ കബറടക്കി.

Content Highlights: youngster dies in an road accident in aluva