പറവൂർ: പ്രവാസിയുവാവിനെയും ഭാര്യയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന്‌ പിന്നിലെ മിൽസ് റോഡിൽ വട്ടപ്പറമ്പത്ത് വീട്ടിൽ സുനിൽ (38), ഭാര്യ കൃഷ്‌ണേന്ദു (30), മകൻ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്. പരേതനായ മുരളീധരന്റെയും ലതയുടെയും മകനാണ് സുനിൽ.

കുട്ടി കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. സുനിലിന്റെയും കൃഷ്‌ണേന്ദുവിന്റെയും മൃതദേഹം മറ്റു രണ്ടു മുറികളിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. സാമ്പത്തികമായും മറ്റും പ്രശ്നങ്ങളില്ലാത്ത കുടുംബമാണ്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയില്ല. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. കുഞ്ഞിന്റെ കഴുത്തിൽ കരുവാളിച്ച അടയാളങ്ങളുണ്ട്.

അബുദാബിയിൽ ലിഫ്റ്റ് ടെക്‌നീഷ്യനായിരുന്ന സുനിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആറുമാസം മുമ്പ് നാട്ടിൽ എത്തിയിരുന്നു. ഇപ്പോൾ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

സുനിലിന്റെ അമ്മ ലതയെ കഴിഞ്ഞദിവസം ചെറിയപല്ലംതുരുത്തിലെ തറവാട്ടുവീട്ടിൽ കൊണ്ടുപോയി ആക്കിയശേഷം സുനിലും കുടുംബവും പച്ചാളത്തെ ഭാര്യവീട്ടിലേക്കു പോയി. വ്യാഴാഴ്ച 11.30-ഓടെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. അപ്പോൾത്തന്നെ ഈ വിവരം തറവാട്ടിലുള്ള അമ്മയെ വിളിച്ച് അറിയിക്കുകയും അമ്മയെ തിരിച്ചുകൊണ്ടുവരാമെന്ന് പറയുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച അമ്മയെ തിരിച്ചുകൊണ്ടുവരാൻ സുനിൽ എത്തിയില്ല. ഫോണിൽ പലകുറി വിളിച്ചിട്ടും പ്രതികരിക്കാതെ വന്നു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ബന്ധു സുനിലിന്റെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടത്. വീടിന്റെ മുൻവശത്തെ വാതിൽ ചാരിയനിലയിലായിരുന്നു.

പോലീസെത്തി നിയമനടപടികൾ സ്വീകരിച്ച് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുനിലിന്റെ സഹോദരൻ: മിഥുൻ.

Content Highlights: Young man, wife and child were found dead inside house