താനൂർ(മലപ്പുറം): ആറുവർഷത്തെ പ്രണയം, വ്യത്യസ്ത മതത്തിൽപ്പെട്ടവർ...വിവാഹിതരാവാനെത്തിയ കമിതാക്കൾ കണ്ടത് അടച്ചിട്ട രജിസ്ട്രാർ ഓഫീസ്. എന്നാൽ ഹർത്താലിനും അവരൊരുമിക്കുന്നത് തടയാനായില്ല. എം.എൽ.എ. ഇടപെട്ട് ഒാഫീസ് തുറപ്പിച്ച് കല്യാണം രജിസ്റ്റർചെയ്തു. ദീർഘകാല പ്രണയത്തിന് അങ്ങനെ താനൂർ രജിസ്ട്രാർ ഒാഫീസിൽ സാഫല്യമായി.

താനൂർ വലിയപറമ്പിൽ സ്വദേശി സബിലാഷിന്റേയും പത്തനംതിട്ട വെണ്ണിക്കുളം മെറിൻമേരി ജോൺസണിന്റേയും വിവാഹമാണ് തിങ്കളാഴ്ച നടന്നത്. രാവിലെ പത്തുമണിയോടെയാണ് സബിലാഷും മെറിൻമേരിയും കൂട്ടുകാരും രജിസ്ട്രാർ ഓഫീസിൽ എത്തുന്നത്. ഹർത്താൽ ആയതിനാൽ ഓഫീസിന്റെ ഷട്ടർ പകുതിയോളം അടച്ചിട്ടിരിക്കുകയായിരുന്നു. രജിസ്ട്രാറെ കണ്ട് വിവരം പറഞ്ഞെങ്കിലും ഹർത്താൽ അനുകൂലികളെ ഭയന്ന് അദ്ദേഹം ഒാഫീസ് തുറക്കാൻ തയ്യാറായില്ല. സബിലാഷിന്റെ സുഹൃത്ത് മുകേഷ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പി. ശശികുമാറിനെ ബന്ധപ്പെട്ടു. അദ്ദേഹം വി. അബ്ദുറഹിമാൻ എം.എൽ.എയെ വിളിച്ച് കാര്യം പറഞ്ഞു. എം.എൽ.എ. സ്ഥലത്തെത്തി വിവാഹത്തിനുവേണ്ട ഏർപ്പാടുകൾചെയ്തു. വിവാഹം നടത്തി ദമ്പതിമാരെ അനുഗ്രഹിച്ചശേഷമാണ് എം.എൽ.എ. മടങ്ങിയത്.

ആറുവർഷം മുമ്പ് പത്തനംതിട്ടയിൽനടന്ന ഒരു സുഹൃത്തിന്റെ കല്യാണവേദിയിൽവെച്ചാണ് കമിതാക്കൾ കണ്ടുമുട്ടുന്നത്. സബിലാഷ് കെട്ടിട നിർമാണത്തൊഴിലാളിയാണ്. മെറിൻ മേരി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സും.

Content Highlights: young couple got married in hartal day at tanur registrar office, v aabdurahiman mla helps them