കൊല്ലം: പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ നടത്താനിരുന്ന വർഷാന്ത വിലയിരുത്തൽ ഒമ്പതാംക്ലാസ് കുട്ടികൾക്ക് മാത്രമായി ചുരുക്കി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠനമികവ് രേഖ പരിശോധിച്ചുള്ള വർഷാന്ത വിലയിരുത്തൽ ഒഴിവാക്കിയത്. ഇവ വിലയിരുത്തി പ്രമോഷൻ പട്ടിക തയ്യാറാക്കുന്നതിനുള്ള സമയം അഞ്ചുദിവസംകൂടി നീട്ടി. മേയ് 25-നാണ് പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കേണ്ടത്.

പഠനമികവ് രേഖ കുട്ടികൾക്ക് നൽകി പ്രവർത്തനങ്ങൾ രേഖപ്പെടുത്തി ക്ലാസ് കയറ്റം നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. പഠനമികവ് രേഖ പല കൈ മറിഞ്ഞ് കുട്ടികളിൽ എത്തുന്നതും ഓരോ വിഷയത്തിലെയും അധ്യാപകർ പരസ്പരം കൈമാറി മൂല്യനിർണയം നടത്തുന്നതും രോഗവ്യാപനത്തിനിടയാക്കുമെന്ന് ആശങ്കയുയർന്നിരുന്നു. പഠന പ്രവർത്തനങ്ങളിലെ പങ്കാളിത്തം, യൂണിറ്റ് വിലയിരുത്തൽ, പഠനത്തിന്റെ ഭാഗമായി ഉണ്ടായ ഉത്‌പന്നങ്ങൾ എന്നിവ അടിസ്ഥാനമാക്കി നിരന്തര വിലയിരുത്തൽ നടത്തി കുട്ടികൾക്ക് ഗ്രേഡ് നൽകുന്നുണ്ട്. ക്ലാസ് കയറ്റത്തിന് ഇത് ആധാരമാക്കിയാൽ മതിയെന്ന് അഭിപ്രായമുയർന്നിരുന്നെങ്കിലും ആദ്യഘട്ടത്തിൽ വിദ്യാഭ്യാസവകുപ്പ് അധികൃതർ വഴങ്ങിയിരുന്നില്ല.

സർവ ശിക്ഷാ അഭിയാൻ കേരള, പുസ്തകരൂപത്തിലുള്ള പഠനമികവ് രേഖ അച്ചടിച്ച് സ്കൂളുകളിൽ എത്തിച്ചിരുന്നു. ഒട്ടേറെ സ്കൂളുകൾ ഇവ കുട്ടികൾക്ക് നൽകുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടെയാണ് എട്ടുവരെയുള്ള ക്ലാസുകളെ ഒഴിവാക്കാൻ തീരുമാനിച്ചത്.

ഒമ്പതാംക്ലാസിലെ പഠനമികവ് രേഖ തിരികെ വാങ്ങുന്നതും മൂല്യനിർണയം നടത്തുന്നതും അതത് സ്കൂളുകളുടെ പരിധിയിലെ കോവിഡ് സാഹചര്യങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചായിരിക്കും.

Content Highlights: Yearly assessment only in ninth grade