പട്ടാമ്പി: പെരുമുടിയൂരില്‍ അഗ്‌നിഷ്ടോമ സോമയാഗത്തിന്റെ മുന്നോടിയായി നടത്തുന്ന കുശ്മാണ്ഡിഹോമച്ചടങ്ങുകള്‍ വെള്ളിയാഴ്ച സമാപിക്കും. യജമാനന്‍ ചെറുമുക്ക് വല്ലഭന്‍ നമ്പൂതിരിയും പത്‌നി ജയശ്രീ അന്തര്‍ജ്ജനവും വിവാഹശേഷം ഇല്ലത്ത് സൂക്ഷിച്ചുപോരുന്ന ഔപാസനാഗ്‌നിയുമായി യാഗശാലയിലെത്തി. തുടര്‍ന്ന്, യജുര്‍വേദാചാരപ്രകാരമുള്ള ബൗധായനീയ സ്‌നാനവും നാന്ദീമുഖപുണ്യാഹവും ഗണപതിഹോമവും നടത്തി. അതിനുശേഷമാണ് കുശ്മാണ്ഡിഹോമം തുടങ്ങിയത്.
   
കുശ്മാണ്ഡിഹോമം സമാപിച്ചശേഷം ശനിയാഴ്ച അഗ്‌ന്യാധാനത്തിന് തുടക്കമാവും. അഗ്‌ന്യാധാനത്തിന് ശേഷമാണ് യജമാനന്‍ അഗ്‌നിഷ്ടോമസോമയാഗം ചെയ്യുന്നതിന് യോഗ്യനാവുന്നത്. ജനനം മുതല്‍ നടക്കുന്ന 16 കര്‍മങ്ങളില്‍ (ഷോഡശ) ഏറ്റവും ഒടുവിലത്തെ ചടങ്ങാണ് അഗ്‌ന്യാധാനം. അഗ്‌ന്യാധാനത്തിനും തുടര്‍ന്നുവരുന്ന അഗ്‌നിഷ്ടോമ സോമയാഗത്തിനും ഉപയോഗിക്കുന്ന സോമലത വ്യാഴാഴ്ച രാവിലെയോടെ യാഗശാലയിലെത്തിച്ചു.

കൊല്ലങ്കോട് രാജാവിന്റെ അനുമതിയോടെയാണ്  കാച്ചാംകുറുശ്ശി ക്ഷേത്രത്തില്‍നിന്ന് സോമലതയും കൃഷ്ണാജിനവും എത്തിച്ചത്.