തേഞ്ഞിപ്പലം: പൊതുസ്ഥലത്ത് മുലയൂട്ടാന്‍ സ്വാതന്ത്ര്യം തരാത്തവിധം ആണ്‍നോട്ടങ്ങള്‍ നിറഞ്ഞ സമൂഹമായി നാം അധഃപതിച്ചിരിക്കുകയാണെന്ന് എഴുത്തുകാരി എസ്. സിത്താര അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ മാധ്യമപഠനവിഭാഗം സംഘടിപ്പിച്ച ' ഉടലും മാധ്യമങ്ങളും ' ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീയെ വെറും ശരീരമായി മാത്രം കാണുന്നതാണ് ഈ വൈകൃതത്തിന് കാരണം. എല്ലാ പുരുഷന്മാരും ഈ കൂട്ടത്തിലല്ല. പക്ഷേ പൊതുസ്ഥലങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രമില്ലാത്തതിന്റെ ബുദ്ധിമുട്ട് താന്‍ അനുഭവിച്ചിട്ടുണ്ടെന്ന് സിത്താര പറഞ്ഞു.

എന്തിനെയും ലൈംഗികമായി മാത്രം കാണുന്ന സമൂഹത്തില്‍ ഒരു ചര്‍ച്ചയുണ്ടാക്കാന്‍ മുലയൂട്ടല്‍ പ്രചാരണ പരിപാടിയിലൂടെ ഗൃഹലക്ഷ്മിക്ക് കഴിഞ്ഞുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജിലു ജോസഫ് പറഞ്ഞു. ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ പ്രചാരണത്തിന്റെ മുഖചിത്രം വിവാദമായതും ചര്‍ച്ചയായതും നല്ലകാര്യമാണ്. മുലയൂട്ടലിന് സൗകര്യപ്രദമായ ഇടങ്ങളില്ലാതെ വിഷമിക്കുന്ന നിരവധി സ്ത്രീകളുണ്ട്. തുറിച്ചുനോട്ടങ്ങള്‍ മാത്രമല്ല സ്ത്രീകളുടെ അപകര്‍ഷതാബോധവും ഇതിന് തടസ്സമാണെന്നും ജിലു പറഞ്ഞു.

സദാചാരസേവകരുള്ള നാട്ടില്‍ എന്റെ ശരീരം എന്റേതാണെന്ന് പ്രഖ്യാപിക്കാന്‍ ജിലു ധൈര്യംകാണിച്ചുവെന്ന് സിനിമാനടി ടി. പാര്‍വതി അഭിപ്രായപ്പെട്ടു. സ്ത്രീകളെക്കുറിച്ച് പൊതുബോധമുണ്ടാക്കുന്നതില്‍ സിനിമയാണ് വലിയ പങ്കുവഹിച്ചത്. സ്ത്രീകളെ കച്ചവടച്ചരക്കായിമാത്രം കാണുന്ന അവസ്ഥ പുരുഷാധിപത്യ സമൂഹത്തില്‍ സ്വാഭാവികമാണെന്നും പാര്‍വതി അഭിപ്രായപ്പെട്ടു. ഡോ. ശ്രീകല മുല്ലശ്ശേരി ചര്‍ച്ച നിയന്ത്രിച്ചു.

വ്യാഴാഴ്ച ' സിനിമയും സെന്‍സര്‍ഷിപ്പും ' എന്ന വിഷയത്തിലെ പൊതുചര്‍ച്ചയില്‍ സനല്‍കുമാര്‍ ശശിധരന്‍, സി.എസ്. വെങ്കടേശ്വരന്‍, രാംദാസ്. പി.എസ് എന്നിവര്‍ പങ്കെടുക്കും.