കൊല്ലം: ഒരു ഹെക്ടർ തണ്ണീർത്തടം ഒരുവർഷം മനുഷ്യന് എന്തുനൽകും? ചോദ്യം കേരള സർവകലാശാല പരിസ്ഥിതിശാസ്ത്രവിഭാഗം മേധാവി പ്രൊഫ. സാബു ജോസഫിനോടാണെങ്കിൽ ഉത്തരം ഇതാവും -10 മുതൽ 15 ലക്ഷം രൂപയുടെവരെ സേവനങ്ങൾ. തണ്ണീർത്തടങ്ങളിലെ ആവാസവ്യവസ്ഥ നൽകുന്ന സേവനങ്ങളുടെ വില കണക്കാക്കാനുള്ള ഇന്ത്യ-ഇസ്രയേൽ സംയുക്ത പഠനത്തിന് നേതൃത്വം നൽകുകയാണ് അദ്ദേഹമിപ്പോൾ.

ഇസ്രയേലിലെ ഹൈഫ സർവകലാശാലയിലെ പ്രൊഫ. ആൻഡ്രിയ ഗർമാൻഡിയുമായി ചേർന്ന് അഷ്ടമുടി, ശാസ്താംകോട്ട കായലുകളിലാണ് മൂന്നുവർഷം നീളുന്ന ഗവേഷണം. മത്സ്യം, കുടിവെള്ളം എന്നിങ്ങനെ വിപണിമൂല്യം നേരിട്ടുലഭിക്കുന്ന വിഭവങ്ങളുടെ വില മാത്രമല്ല കണക്കാക്കുന്നത്. കായലുകളും ജലാശയങ്ങളും പരോക്ഷമായി നൽകുന്ന വരുമാനവും കണക്കാക്കും. പഠനങ്ങൾ പ്രകാരം ഉൾനാടൻ ജലാശയങ്ങളുടെ ഒരു ഹെക്ടർ പ്രദേശത്തുനിന്ന് എട്ടുമുതൽ 10 ലക്ഷം രൂപയുടെവരെ സേവനങ്ങൾ ലഭിക്കുന്നുണ്ട്. തീരദേശ തണ്ണീർത്തടങ്ങളിൽ ഇത് 12 മുതൽ 15 ലക്ഷം വരെയാണ്. പഠനം പൂർത്തിയായാൽ ഒരു ഹെക്ടർ കായൽപ്രദേശത്തുനിന്ന് ലഭിക്കുന്ന സേവനത്തിന്റെ മൂല്യം കൃത്യമായി പറയാനാകും.

തണ്ണീർത്തടങ്ങളിൽ പരോക്ഷമായി നൽകുന്ന സേവനങ്ങളുടെ വില നിർണയിക്കുന്നത് ഇസ്രയേൽ സാങ്കേതികവിദ്യയിലൂടെയാണ്. വെള്ളപ്പൊക്കം നിയന്ത്രിക്കുക, ഭൂഗർഭജലനിരപ്പ് നിലനിർത്തുക, കാലാവസ്ഥാവ്യതിയാനം തടയുക എന്നിവ വഴിയുണ്ടാകുന്ന നേട്ടത്തിൻറെ വില ഇത്തരത്തിൽ കണക്കാക്കും. കണ്ടൽക്കാടുകൾ കാർബൺ ഡൈ ഓക്സൈഡ് സ്വീകരിച്ച്, ഓക്സിജൻ നൽകുന്നതിന്റെ വില കണ്ടുപിടിക്കാനും സംവിധാനമുണ്ട്.

വിഷവസ്തുക്കൾ ഇല്ലാതാക്കുന്ന അതിസൂക്ഷ്മ സസ്യങ്ങളുടെ സേവനത്തിന്റെയും ജൈവസമ്പത്തിന്റെയും വില കണക്കാക്കും. വിനോദസഞ്ചാര മേഖലയിൽനിന്നുള്ള വരുമാനം കണക്കാക്കാനുള്ള രീതികൾ തികച്ചും വ്യത്യസ്തമാണ്. വിനോദസഞ്ചാരികൾ വന്നുപോകുന്നതുവഴി ലഭിക്കുന്ന വരുമാനത്തിനുപുറമേ, അവർ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്ന ജിയോ ടാഗ്ഡ് ചിത്രങ്ങളിലൂടെ ലഭിക്കുന്ന വരുമാനവും കണ്ടെത്തും. ഇസ്രയേൽ സയൻസ് ഫൗണ്ടേഷനും യു.ജി.സി.യും ചേർന്നാണ് ഗവേഷണത്തിനുള്ള ചെലവ് വഹിക്കുന്നത്.

ഗവേഷണം പൂർത്തിയാകുമ്പോൾ കണ്ടെത്തലുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറും. ഇതുപയോഗിച്ച് തണ്ണീർത്തട സംരക്ഷണത്തിന് നയങ്ങൾ രൂപവത്കരിക്കാനാകുമെന്ന് സാബു ജോസഫ് പറയുന്നു.

Content Highlights: world water day