കാസര്‍കോട്: മനുഷ്യനുവേണ്ടി ഈശ്വരന്മാരെ പ്രീതിപ്പെടുത്തുന്ന ശാന്തിയാണ് പെരികമന ഈശ്വരന്‍ എമ്പ്രാന്തിരി. എന്നാല്‍, തനിക്ക് ശാന്തിയേകുന്നത് പുസ്തകങ്ങളുടെ അപാരമായ പ്രപഞ്ചമാണന്ന് അദ്ദേഹം പറയും. രാവണീശ്വരത്തെ തന്റെ മനയുടെ രണ്ടാംനിലയിലെ വലിയ ഹാള്‍ മുഴുവന്‍ അലമാരകളാണ്. അവ നിറയെ പുസ്തകങ്ങള്‍. എമ്പ്രാന്തിരി വായിച്ച് ശാന്തമാക്കിയ പതിനായിരത്തില്‍പ്പരം പുസ്തകങ്ങള്‍.

'ഇപ്പോള്‍ പഴയതുപോലെ അധികനേരം വായിക്കാനാവുന്നില്ല. എങ്കിലും രാത്രി എട്ടു മുതല്‍ പത്തു വരെയെങ്കിലും പുസ്തകം വായിക്കും. പഠനങ്ങളും ചരിത്രവും യാത്രയും. 70 പിന്നിടുന്ന എമ്പ്രാന്തിരി 'മാതൃഭൂമി'യോട് പറഞ്ഞു.

പത്താംക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഈശ്വരന്‍ പുസ്തകങ്ങളുടെ ഇണപിരിയാത്ത കൂട്ടുകാരനായിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. രാവണീശ്വരം യു.പി. സ്‌കൂളില്‍ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളം ഉപപാഠപുസ്തകം പഠിപ്പിച്ച കൂത്തുപറമ്പ് നീര്‍വേലിയിലെ കുഞ്ഞിക്കൃഷ്ണന്‍ മാഷാണ് ഈശ്വരനെ സാഹിത്യത്തിന്റെ അപാരലോകത്തേക്ക് നയിച്ചത്. തിക്കോടിയന്റെ 'പഴശ്ശിയുടെ പടവാള്‍' എന്ന പുസ്തകമാണ് പഠിപ്പിച്ചത്.

അന്ന് രാവണീശ്വരത്ത് ദിവസേന പത്രംവരുന്ന പതിവില്ല. വായനശാലയില്‍ ഒരാഴ്ചത്തെ പത്രം ഒന്നിച്ചുവരുന്ന സ്ഥിതിയാണ്. പ്രധാന വാര്‍ത്തയുണ്ടാകുന്ന നാളുകളില്‍ കാഞ്ഞങ്ങാട്ടേക്ക് നടന്നുപോയി 'മാതൃഭൂമി' വാങ്ങി ഒരു നിധിപോലെ വീട്ടിലെത്തിച്ച് വായിക്കും. പിന്നീട് സ്വന്തമായി പത്രം വരുത്താന്‍ തുടങ്ങി. മടിയനിലാണ് പത്രം വരിക. പുഴ നീന്തിക്കടന്നുവേണം അക്കരെയെത്തി പത്രം എടുക്കാന്‍.

'പഴശ്ശിയുടെ പടവാളില്‍' തുടങ്ങിയ സാഹിത്യവായന പോഷിപ്പിക്കാന്‍ അജാനൂര്‍ പഞ്ചായത്ത് ലൈബ്രറിയുണ്ടായിരുന്നു. ചരിത്രവും യാത്രാവിവരണവും ആത്മകഥകളുമായി ഇഷ്ടവിഷയങ്ങള്‍.

അന്നൊക്കെ പുസ്തകം വാങ്ങണമെങ്കില്‍ കണ്ണൂരിലോ തലശ്ശേരിയിലോ പോകണം. ശാന്തിക്കാരനായ എനിക്കെപ്പൊഴാ സമയം. എങ്കിലും സമയമുണ്ടാക്കി. ശാന്തിപ്രവൃത്തി നടത്തിക്കിട്ടുന്ന പണത്തിന്റെ പകുതിയും മുക്കാലും പുസ്തകം വാങ്ങുന്നതിനായി ഉപയോഗിക്കാന്‍ തുടങ്ങിയത് എഴുപതുകളുടെ ആദ്യംമുതലാണ്. തലശ്ശേരിയിലെ പുസ്തകശാലയിലെ ബുക് ക്ലബ്ബില്‍ അംഗത്വമെടുത്തിരുന്നു. വാരികകളിലെ പുസ്തകനിരൂപണം വായിച്ച് നല്ല പുസ്തകമേതാണെന്ന് കണ്ടെത്തും.
 
സ്ഥിരമായി തലശ്ശേരിയില്‍ പോകാന്‍ പ്രയാസമായതിനാല്‍ ഒരു വഴി കണ്ടുപിടിച്ചു. തലശ്ശേരി-കാസര്‍കോട് റൂട്ടിലോടിയിരുന്ന എസ്.എന്‍. ബസ്സിലെ കണ്ടക്ടര്‍ ലക്ഷ്മണനെ പുസ്തകം വാങ്ങാന്‍ ചുമതലപ്പെടുത്തി. ലിസ്റ്റനുസരിച്ച് ലക്ഷ്മണന്‍ പുസ്തകം വാങ്ങും. ബസ് തിരിച്ചുവരുന്ന സമയത്ത് പുല്ലൂരില്‍ ഞാന്‍ കാത്തുനില്ക്കും -ഈശ്വരന്‍ എമ്പ്രാന്തിരി പറഞ്ഞു.

തിരുവനന്തപുരത്തും വൈക്കത്തും എറണാകുളത്തുമാണ് ഏറെക്കാലം ശാന്തിക്കാരനായും പൂജാരിയായും പ്രവര്‍ത്തിച്ചിരുന്നത്. ഇത് നല്ല പുസ്തകങ്ങള്‍ കൂടുതലായി ശേഖരിക്കാന്‍ സഹായകമായി. യാത്രാവിവരണത്തോട് പ്രത്യേക പ്രിയമുള്ള എമ്പ്രാന്തിരിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകരാന്‍ എസ്.കെ.പൊെറ്റക്കാട്ടാണ്. ൈകയില്‍നിന്ന് താഴെവെക്കാതെയെന്നോണം വായിച്ചുതീര്‍ത്ത ഗ്രന്ഥം ആയിരത്തൊന്നുരാവുകളാണ്. തകഴിയുടെ നോവലുകളോടും കഥകളോടും അത്രതന്നെ പ്രിയമുണ്ട്. എം.ടി.യുടെ നോവലുകളും ഏറെ ഇഷ്ടം.
 
ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് എം.കെ.സാനു മാഷുടെ സമ്പൂര്‍ണ കൃതികളാണ്. അക്കിത്തത്തിന്റെ സമ്പൂര്‍ണ കൃതികള്‍ വായിച്ചുതീര്‍ത്ത ശേഷമാണ് സാനുമാഷിലേക്ക് കടന്നത്. അതിന് തൊട്ടുമുമ്പ് വായിച്ചത് പി.ഭാസ്‌കരന്‍ മാഷുടെ ആത്മകഥ.
നൂറുകണക്കിന് റഫറന്‍സ് പുസ്തകങ്ങളുള്ള എമ്പ്രാന്തിരിയുടെ ഹോം ലൈബ്രറി ഗവേഷണവിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
 
ഇപ്പോഴും ശാന്തിപ്രവൃത്തി ചെയ്യുന്ന ഈശ്വരന് ഒരാഗ്രഹമുണ്ട്. തലമുറകള്‍ക്ക് ഉപയോഗപ്പെടുത്താനായി തന്റെ ഹോം ലൈബ്രറി ഒരു റഫറന്‍സ് ലൈബ്രറിയായി സ്വതന്ത്രമാക്കുക, ഇപ്പോഴല്ല, സമീപ ഭാവിയില്‍.