ഇന്ന് ലോക കാന്‍സര്‍ ദിനം

കളമശ്ശേരി:
കാന്‍സര്‍ എന്നത് ഒരൊറ്റ രോഗം മാത്രമല്ല. 250-ഓളം ഇനം രോഗങ്ങളുടെ ഒരു കൂട്ടമാണ് കാന്‍സര്‍ എന്ന് അറിയപ്പെടുന്നത്. അതില്‍ മുപ്പതോളം ഇനങ്ങളാണ് സാധാരണയായി കാണാറുള്ളത്. രോഗം നേരത്തെ കണ്ടെത്തിയാല്‍ ഒട്ടുമിക്കപ്പോഴും പൂര്‍ണമായിത്തന്നെ ചികിത്സിച്ച് ഭേദമാക്കാനാവും. എന്നാല്‍, ഓരോ ഇനം കാന്‍സറിനും ചികിത്സ വ്യത്യസ്തമായിരിക്കും. പൊതുവായി കാണുന്ന വിഭാഗങ്ങള്‍ക്കു മാത്രമാണ് പൊതുചികിത്സാ ക്രമം നിശ്ചയിക്കാവുന്നത് - കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സൂപ്രണ്ട് ഡോ. പി.ജി. ബാലഗോപാല്‍ പറഞ്ഞു.

കാന്‍സര്‍ തിരിച്ചറിഞ്ഞാല്‍ ഓപ്പറേഷന്‍, റേഡിയേഷന്‍, കീമോതെറാപ്പി എന്നിങ്ങനെയുള്ള ചികിത്സകള്‍ക്ക് കൃത്യമായ മുന്‍ഗണനാ ക്രമം (പ്രോട്ടോക്കോള്‍) വേണം.

ഇത് ഔദ്യോഗികമായി തീരുമാനിക്കുകയും കൃത്യമായ ചികിത്സ നല്‍കുകയും ചെയ്താല്‍ പല പ്രയാസങ്ങള്‍ക്കും അവസാനമാകും. ലോകത്തെ വികസിത രാജ്യങ്ങളിലെല്ലാം കൃത്യമായ ചികിത്സാ ക്രമത്തിന്റെ അടിസ്ഥാനത്തിലാണ് കാന്‍സര്‍ ചികിത്സ. എന്നാല്‍, ഇന്ത്യയില്‍ ഇതുവരെ കാന്‍സര്‍ ചികിത്സാ പ്രോട്ടോക്കോള്‍ നിലവില്‍ വന്നിട്ടില്ല.

ചികിത്സാ പ്രോട്ടോക്കോള്‍ നിലവില്‍ വന്നാല്‍ കാന്‍സര്‍ സ്ഥിരീകരിച്ച രോഗിയെ പ്രായം, രോഗത്തിന്റെ തരം, ഘട്ടം എന്നിവയ്ക്കനുസരിച്ച് ലഭ്യമാക്കേണ്ട ചികിത്സകളുടെ കൃത്യമായ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കും.

ഇതോടെ കാന്‍സര്‍ രോഗചികിത്സാ സംവിധാനമില്ലാത്ത ആസ്​പത്രികള്‍ രോഗിയെ ചികിത്സിക്കുന്നത് ഇല്ലാതാകും - ഡോ. ബാലഗോപാല്‍ പറഞ്ഞു.

പുനരധിവാസം പ്രധാനം...

ചികിത്സാക്രമം പോലെ തന്നെ പ്രധാനമാണ് ശേഷമുള്ള പുനരധിവാസവും തുടര്‍ചികിത്സയും. കൃത്യമായ പുനരധിവാസവും തുടര്‍ ചികിത്സയുമില്ലെങ്കില്‍ കാന്‍സര്‍ രണ്ടാമതും വരാനുള്ള സാധ്യത കൂടുതലാണ്. ചികിത്സയ്ക്ക് ശേഷമുള്ള ആദ്യ രണ്ട് വര്‍ഷത്തിലാണ് ഈ സാധ്യത കൂടുതല്‍. അഞ്ച് വര്‍ഷം വരെയെങ്കിലും തുടര്‍ചികിത്സകളും പരിശോധനയും നടത്തണം. അതിനിടെ പരിശോധനകളുടെ ഇടവേളകള്‍ കൂട്ടി പതിയെ പരിശോധനകള്‍ നിര്‍ത്താം. ചികിത്സയ്ക്ക് ശേഷം രോഗികളുടെ പുനരധിവാസം ഒരു ഉത്തരവാദിത്വമായി ആശുപത്രികള്‍ കാണണം. ആര്‍.സി.സിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്ന കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ രണ്ട് ഘട്ടങ്ങളിലായി ഇത്തരത്തില്‍ പുനരധിവാസ ക്ലിനിക്കുകള്‍ ആരംഭിക്കാനിരിക്കുകയാണ്.

മുറിവൈദ്യന്മാരെ അടുപ്പിക്കരുത്...

ഒറ്റമൂലികളും മുറിവൈദ്യന്മാരുടെ ചികിത്സാ തട്ടിപ്പും ഇന്നും നമ്മുടെ നാട്ടില്‍ അവിടവിടെയാണെങ്കിലും നിലനില്‍ക്കുന്നു എന്നതാണ് സത്യം. പച്ചിലയോ മരുന്നോ കഴിച്ചാല്‍ കാന്‍സര്‍ മാറുമെന്ന് പറഞ്ഞ് ജനങ്ങളുടെ വിശ്വസിപ്പിക്കുകയാണ് ചിലര്‍. ലക്ഷ്മിതരു, മുള്ളാത്ത തുടങ്ങിയവ കഴിച്ചാല്‍ കാന്‍സര്‍ മാറുമെന്ന ധാരണ തീര്‍ത്തും തെറ്റാണ് - കൊച്ചി കാന്‍സര്‍ സെന്റര്‍ സൂപ്രണ്ട് ഡോ. ബാലഗോപാല്‍ ഓര്‍മിപ്പിക്കുന്നു.