തിരുവനന്തപുരം: കോവിഡ് കാലത്ത് ജനപ്രിയമായ വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം മാതൃകകൾ പരമാവധി ഉപയോഗപ്പെടുത്തി തൊഴിലവസരം സൃഷ്ടിക്കാൻ സർക്കാർ. എല്ലാ പഞ്ചായത്തിലും ഐ.ടി. ജോലിക്ക് പൊതുതൊഴിലിടം നിർമിക്കാനാണു തീരുമാനം. ആദ്യഘട്ടത്തിൽ എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ഒരു തൊഴിലിടം നിർമിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും ഇത്.

കേരള വികസന ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) ആണ് പദ്ധതികൾ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിനു രൂപംനൽകി. ജോലി ആവശ്യമുള്ളവർക്ക് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ലോകത്താകെയുള്ള തൊഴിലവസരങ്ങൾ ഇവർക്ക് ലഭ്യമാക്കിക്കൊടുക്കുകയാണ് ലക്ഷ്യം.

പങ്കുവെക്കൽ അടിസ്ഥാനത്തിൽ പൊതു തൊഴിലിടം നിർമിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ‘വർക്ക് നിയർ ഹോം’ പൊതുതൊഴിലിടം നിർമിക്കുന്നത് ഉയർന്ന വേഗമുള്ള ഇന്റർനെറ്റ് ശൃംഖല, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തിയാകും.

സംരംഭകർ, കമ്പനികൾ എന്നിവയ്ക്ക് അവരുടെ സൗകര്യത്തിന് അനുസരിച്ച് ഓഫീസ് സജ്ജീകരിക്കാൻ അനുമതി നൽകും. ഇതിന് പ്രത്യേകം പണം നൽകണം. ഉദ്യോഗാർഥികൾക്ക് തൊഴിൽ പരിചയവും തൊഴിൽ പരിശീലനവും ലഭ്യമാക്കുന്ന ഇടമായി ‘വർക്ക് നിയർ ഹോം സ്റ്റേഷനു’കളെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.

തൊഴിലെടുക്കാനാകാതെ അഞ്ചുലക്ഷം വീട്ടമ്മമാർ

തൊഴിൽ പരിചയവും യോഗ്യതയുമുള്ള അഞ്ചുലക്ഷം സ്ത്രീകൾക്ക് സംസ്ഥാനത്ത് തൊഴിലില്ല. കുടുംബത്തിൽനിന്ന് അകന്നുനിൽക്കാനാകാത്തതാണ് കാരണം. ഇവർക്കുപുറമേ 16 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുമുണ്ട്. ഇവരടക്കം 40 ലക്ഷം പേർക്ക് പുതിയ സംവിധാനത്തിലൂടെ തൊഴിൽ ഉറപ്പാക്കാനാകുമെന്നാണു കണക്കാക്കുന്നത്.

കമ്പനികൾ നേരിട്ട് നിയമനം നടത്തിയാൽ അവർക്കും സർക്കാർ ഒരുക്കുന്ന പൊതുതൊഴിലിടത്തിലിരുന്ന് ജോലിചെയ്യാം. ഇതിനൊപ്പം, കരാർ, ജോബ് വർക്ക്, അക്കൗണ്ടിങ്, ഏജൻസികളിലൂടെയുള്ള ജോലികൾ, പ്ലാറ്റ്ഫോം പ്രൊവൈഡേഴ്‌സ് എന്നിവയിലൂടെയും ഉദ്യോഗാർഥികൾക്ക് ജോലി കിട്ടും.

കെ-ഡിസ്‌ക് ഒരുക്കിയ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ നിലവിൽ 50,000 പേർ രജിസ്റ്റർ ചെയ്തു. അഞ്ചുവർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് ജോലി എന്നതാണ് ലക്ഷ്യം. ‘കേരള നോളജ് എക്കണോമി മിഷൻ’ എന്നപേരിലാണ് ഇതിനുള്ള ആസൂത്രണം നടത്തുന്നത്. സംസ്ഥാനത്തെ 150 എൻജിനിയറിങ് കോളേജുകളെയും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഒന്നിപ്പിക്കുകയും തൊഴിൽ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കുകയും ചെയ്യും. പദ്ധതികൾക്കാവശ്യമായ പണം കിഫ്ബി വഴിയാണ് നൽകുക.