തൃശ്ശൂർ: കോൾ ബേർഡേഴ്സ് പക്ഷിനിരീക്ഷണക്കൂട്ടായ്മ തൃശ്ശൂരിൽ നടത്തിയ 2019-ലെ കൊറ്റില്ലം സർവേ പൂർത്തിയായപ്പോൾ പുറത്തുവരുന്നത് ആശങ്കാജനകമായ വിവരങ്ങൾ. കരിംകൊക്കുകൾ അഥവാ കരുവാരക്കുരു (Woolly-necked Stork) മൊബൈൽ ടവറിൽ കൂടുകൂട്ടുന്ന പ്രവണത കൂടുന്നതായാണ് പ്രധാന കണ്ടെത്തൽ. നീർപക്ഷികൾ കൂട്ടമായി കൂടുകൂട്ടുന്ന ആവാസവ്യവസ്ഥയാണ് കൊറ്റില്ലം.

ആകെ ഏഴ് കൂടുകളാണ് കരിംകൊക്കുകളുടേതായി സർവേയിൽ കണ്ടെത്തിയത്- എല്ലാം മൊബൈൽ ടവറുകൾക്കു മുകളിൽ. തൃശ്ശൂർ കളക്ടറേറ്റ് വളപ്പിലെ കൊറ്റില്ലങ്ങളിലെ കൂടുകളുടെ എണ്ണം 553 ആയി. കഴിഞ്ഞവർഷം ഇത് 137 ആയിരുന്നു. കിന്നരി നീർക്കാക്ക (Indian Cormorant- 31.9%), ചേരക്കോഴി (Oriental Darter- 30.5%) എന്നിവയുടെ കൂടുകളാണ് കൂടുതലും സർവേയിൽ കണ്ടെത്തിയത്.

ഉയരമുള്ള മരങ്ങൾ കുറയുന്നു

ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ വംശനാശ സാധ്യതയുള്ള ജീവികളുടെ പട്ടികയിലുള്ള പക്ഷിയാണ് കരിംകൊക്ക്‌. ഉയരമുള്ള മരങ്ങളിൽ കൂടുകൂട്ടാൻ ഇഷ്ടപ്പെടുന്ന പക്ഷികളാണവ. കേരളത്തിൽ അത്രയധികം കാണാറില്ല.

കരിംകൊക്കുകളുടെ കൂട് മൊബൈൽ ടവറുകളിൽ കണ്ടെത്തുന്നത് ആദ്യമല്ലെങ്കിലും ഇത്തവണ കണ്ടെത്തിയ എല്ലാ കൂടുകളും ടവറുകൾക്ക് മുകളിലാണെന്നത് ആശങ്കാജനകമാണെന്ന് പരിസ്ഥിതിവിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉയരമുള്ള മരങ്ങൾ വെട്ടിക്കളയുന്നതാണ് എണ്ണം കുറയാൻ കാരണമെന്നും അവർ നിരീക്ഷിച്ചു.

സംരക്ഷിക്കണം കൊറ്റില്ലങ്ങൾ

തൃശ്ശൂർ കളക്ടറേറ്റ് വളപ്പിലെ കൂടുകളുടെ എണ്ണം കൂടിയത് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലെയും മരങ്ങൾ കുറഞ്ഞതുകൊണ്ടാകാമെന്ന് സർവേ സംഘാംഗം മനോജ് കരിങ്ങാമഠത്തിൽ ചൂണ്ടിക്കാട്ടുന്നു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പ്രദേശത്തെ പല മരങ്ങളും മുറിക്കുകയോ ചില്ലകൾ വെട്ടിക്കളയുകയോ ചെയ്തു. മനുഷ്യരുടെ സ്ഥിരമായുള്ള സഞ്ചാരം ഇരപിടിയന്മാരായ വലിയ പക്ഷികളിൽനിന്ന് രക്ഷനേടാൻ ഇവയെ സഹായിക്കുന്നതും കളക്ടറേറ്റ് വളപ്പിലെ കൂടുകളുടെ എണ്ണം കൂടാൻ കാരണമാകുന്നെന്നും അനുമാനിക്കുന്നു. രണ്ടു മാസമാണ് ഇവയുടെ പ്രജനന കാലം. അക്കാലത്തേക്കെങ്കിലും ഇവയെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് പരിസ്ഥിതി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Content Highlights: Woolly-necked stork birds in mobile tower