തിരുവനന്തപുരം: പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഹൈക്കോടതി മാർഗനിർദേശം പുറപ്പെടുവിച്ചതിനു പിന്നാലെ പ്രത്യേക നിർദേശങ്ങളുമായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത വനിതാ ഉദ്യോഗസ്ഥയായിരിക്കണം എല്ലാ ജില്ലകളിലും പോക്സോ കേസുകളുടെ മേൽനോട്ടം വഹിക്കേണ്ടത്. അന്വേഷണത്തിന് ബാലാവകാശ നിയമങ്ങളിൽ പരിശീലനം നേടിയവരെ മാത്രമേ നിയോഗിക്കാവൂ. പരമാവധി ഉദ്യോഗസ്ഥർക്ക് ബാലാവകാശ നിയമം സംബന്ധിച്ച് പരിശീലനം നൽകണം.
എല്ലാ ജില്ലകളിലും വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥർ പോക്‌സോ കേസുകളുടെ അന്വേഷണണത്തിന് മേൽനോട്ടം വഹിക്കണമെന്നാണ് ഹൈക്കോടതി മാർഗനിർദേശത്തിലുള്ളതെങ്കിലും ഉദ്യോഗസ്ഥരില്ലാത്തതിനാലാണ് ഇൻസ്പെക്ടർ റാങ്കിലുള്ളവരെ നിയോഗിച്ചത്. ഭാവിയിൽ വനിതാ എസ്.പി.മാർ ചുമതലയേൽക്കുമ്പോൾ അവർ സ്വമേധയാ നോഡൽ ഉദ്യോഗസ്ഥരായിമാറും. അവരെ സഹായിക്കാൻ ഡിവൈ.എസ്.പി. തലത്തിലെ ഉദ്യോഗസ്ഥരും ജില്ലാ ക്രൈംബ്രാഞ്ചും ജുവനൈൽ പോലീസ് അംഗങ്ങളുമുണ്ടാകണം.
പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ മാത്രമേ പോക്‌സോ കേസുകളിലെ കുട്ടികളിൽനിന്ന് മൊഴിയെടുക്കാവൂ. കുട്ടി ശാരീരികമായും മാനസികമായും ഫിറ്റാണെങ്കിലേ മൊഴിയെടുക്കാവൂ. കേസെടുത്ത് 48 മണിക്കൂറിനുള്ളിൽ പോലീസ് ഒരു ലെയ്‌സൺ ഓഫീസറെ നിയമിക്കുകയും അദ്ദേഹം കുട്ടിയുടെ കുടുംബവുമായും കുട്ടിയുമായും ഇടപെട്ട് പ്രോസിക്യൂഷനെ സഹായിക്കുകയും വേണം. മൊഴിയെടുക്കുമ്പോൾ റെക്കോഡ് ചെയ്യണം.
കുട്ടി പ്രകടിപ്പിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമത്തിന്റെ തെളിവുകൾ ശേഖരിക്കേണ്ടിവരുമ്പോൾ മനോരോഗ വിദഗ്‌ധരെയോ മനശ്ശാസ്ത്രജ്ഞരെയോ സാക്ഷികളാക്കണം. കുട്ടിയുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നതെങ്കിൽ മൊഴി കുട്ടി സ്വമേധയാ നൽകിയതാണെന്ന് ഉറപ്പാക്കണം. കേസുകൾ സംബന്ധിച്ച് എല്ലാ മാസവും അവലോകനം നടത്തി തൊട്ടടുത്തമാസം പത്താം തീയതിക്കുമുമ്പ് സംസ്ഥാന നോഡൽ ഓഫീസർക്ക് റിപ്പോർട്ട് നൽകണം. നോഡൽ ഓഫീസർ വിശകലന റിപ്പോർട്ട് പോലീസ് മേധാവിക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്.
പോക്‌സോ കേസുകളുടെ കാര്യത്തിൽ വീഴ്ചകൾ സംഭവിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി വ്യക്തമായ നിർദേശങ്ങളോടെ ഉത്തരവ് പുറപ്പെടുവിച്ചത്.