പത്തനംതിട്ട: സുപ്രീംകോടതിവിധിക്കുശേഷം ശബരിമല സന്നിധാനത്ത് എത്താൻ ശ്രമിച്ചത് ഇരുപതിലേറെ യുവതികൾ. ഇവരിൽ സോപാനത്ത് എത്താൻ കഴിഞ്ഞത് ബുധനാഴ്ച വന്ന ബിന്ദുവിനും കനകദുർഗയ്ക്കും മാത്രം.

ഇതിനുമുമ്പ് ഏറ്റവും അടുത്തെത്തിയത് രഹ്ന ഫാത്തിമ, മാധ്യമപ്രവർത്തക കവിത എന്നിവരായിരുന്നു. ഇരുവരും തുലാമാസ പൂജാസമയത്ത് പോലീസ് അകമ്പടിയിൽ നടപ്പന്തലിന് തൊട്ടുമുമ്പുവരെ എത്തി മടങ്ങി.

ആദ്യം വന്നത് ബാലമാധവി

*തുലാമാസപൂജാ സമയത്ത് ആദ്യം വന്നത് ആന്ധ്രാസ്വദേശി ബാലമാധവിയാണ്. മരക്കൂട്ടം വരെയെത്തി അവർ മടങ്ങി.

*ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് വന്നത് ഇതിനുശേഷം. ഇവരും മരക്കൂട്ടത്തിനുമുമ്പ് പിന്മാറി.

*രഹ്ന ഫാത്തിമ, കവിത എന്നിവരായിരുന്നു അടുത്തതായി വന്നത്. ഇവരെ പോലീസ് സുരക്ഷാകവചം ധരിപ്പിച്ച് കൊണ്ടുപോയത് വിവാദമായി. സന്നിധാനം ഫോറസ്റ്റ് ബംഗ്ലാവിന് സമീപം വരെയെത്തിയ ഇവരെ മന്ത്രി കടകംപള്ളിയുടെ നിർദേശത്തെത്തുടർന്ന് മടക്കി അയച്ചു. ഇതേദിവസം മേരി സ്വീറ്റി എന്ന സ്ത്രീയും പമ്പവരെ എത്തി മടങ്ങി.

*തുലാമാസപൂജയുടെ നാലാംനാൾ ആന്ധ്രയിൽനിന്നുള്ള ആദിശേഷ, വാസന്തി എന്നിവർ ചെളിക്കുഴിവരെ എത്തി പിന്മാറി.

*അന്നുതന്നെ ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിനി ആർ. ബാലമ്മ സന്നിധാനം വലിയനടപ്പന്തലിന് സമീപം വരെയെത്തി. ഇവരെ അയ്യപ്പന്മാർ തടഞ്ഞ് തിരിച്ചറിയൽ കാർഡ് ചോദിച്ചു. പ്രായം വ്യക്തമായതോടെ മടങ്ങിപ്പോകണമെന്ന് ആവശ്യം ഉയർന്നു. ഇതിനിടെ രക്തസമ്മർദം കൂടി ഇവർ തളർന്നുവീണു. ഇവരെ ദേവസ്വം ആംബുലൻസിൽ മടക്കി.

*ആന്ധ്രാപ്രദേശിൽനിന്നുള്ള പുഷ്പലത എന്ന യുവതി മരക്കൂട്ടംവരെ എത്തി. ഇവരും പ്രതിഷേധം കാരണം മടങ്ങി.

*ആലപ്പുഴയിൽനിന്നുള്ള യുവതി അടങ്ങിയ കുടുംബം പമ്പയിൽ പോലീസ് കൺട്രോൾറൂംവരെ വന്ന് മണിക്കൂറുകൾക്കകം മടങ്ങി.

*കൊല്ലം സ്വദേശിനി മഞ്ജുവും സമാനമായ രീതിയിൽ മലകയറാൻ ശ്രമിക്കാതെ പിന്മാറി.

*മണ്ഡലകാലത്തിന്റെ മൂന്നാം ആഴ്ചയിൽ ആന്ധ്രയിൽനിന്നുള്ള നവോജാമ, കൃപാവതി എന്നിവർ മരക്കൂട്ടംവരെ നടന്നുകയറി. പിന്നീട് പിന്മാറി.

*മണ്ഡലകാലത്തിന്റെ അവസാനം ഡിസംബർ 23-ന് തമിഴ്‌നാട്ടിലെ മനിതി സംഘത്തിലെ 11 പേർ ശബരിമലയിലെത്തി. ഇതിൽ മനിതി കോ-ഓർഡിനേറ്റർ സെൽവി, മുത്തുലക്ഷ്മി, കർപ്പകം, ശ്രീദേവി, കല, ഈശ്വരി എന്നീ ആറുപേരാണ് ദർശനത്തിനായെത്തിയത്. മലയിറങ്ങി വന്ന ഭക്തർ ഓടി അടുത്തതോടെ ഇവർക്ക് മടങ്ങേണ്ടിവന്നു.

*ഇപ്പോൾ സന്നിധാനത്തെത്തിയ ബിന്ദു, കനകദുർഗ എന്നിവരും മണ്ഡലകാലത്ത് മലയാത്ര നടത്തി. ചന്ദ്രാനന്ദൻ റോഡിൽവെച്ച് മടങ്ങി. മനിതി സംഘത്തിലെ മൂന്നുപേരെ പത്തനംതിട്ടയിൽനിന്ന്‌ പോലീസ് മടക്കിയയച്ചിരുന്നു. വയനാട്ടിലെ ആദിവാസി സംഘടനാപ്രവർത്തക അമ്മിണി എരുമേലി വരെയെത്തി മടങ്ങി.

*ബിന്ദു തങ്കം കല്യാണി എന്ന അധ്യാപിക എരുമേലിയും കടന്ന് തുലാപ്പള്ളിവരെ വന്നെങ്കിലും പ്രതിഷേധംകാരണം പിന്മാറി.

content highlights: women in sabarimala, bindu,kanakadurga