കേളകം: പാറത്തോട്ടിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന വീട്ടമ്മ മൂന്നുവർഷമായി വൈദ്യുതി ബില്ലടയ്ക്കുന്നുണ്ട്. പക്ഷേ ഇരുട്ടിയാൽ വീട്ടിലിപ്പോഴും മണ്ണെണ്ണവിളക്ക് തെളിക്കണം. അറുപതുകാരി ശകുന്തള പള്ളിക്കക്കോണത്താണ് വീട്ടിൽ വൈദ്യുതിയില്ലാഞ്ഞിട്ടും ബില്ലടയ്ക്കേണ്ടിവരുന്നത്. മൂന്നുവർഷം മുമ്പുവരെ ഇവിടെ വൈദ്യുതിയുണ്ടായിരുന്നു. എന്നാൽ മരംവീണ് വീടിന്റെ ഒരുഭാഗം തകർന്നതോടെ മീറ്റർ മാറ്റിസ്ഥാപിക്കേണ്ട സ്ഥിതിയായി. മീറ്റർ മാറ്റിസ്ഥാപിക്കണമെങ്കിൽ പുതിയ പോസ്റ്റിടണമെന്ന കെ.എസ്.ഇ.ബി. നയമാണ് ഇവർക്ക് വിനയായത്.

നേരത്തേ ഉണ്ടായിരുന്നതിൽനിന്നും അഞ്ചുമീറ്ററോളം മാത്രം മാറി മീറ്റർ സ്ഥാപിക്കാൻ സൗകര്യമൊരുക്കിയിട്ടും വൈദ്യുതി കണക്ഷൻ നൽകാൻ കെ.എസ്.ഇ.ബി. തയ്യാറായില്ലെന്ന് ശകുന്തള പറഞ്ഞു. നിലവിൽ വീടിനു സമീപത്തെ പ്ലാവിലാണ് താത്‌കാലികമായി മീറ്റർ സ്ഥാപിച്ചിട്ടുള്ളത്. എങ്കിലും ഇതിൽനിന്ന് ഇവർക്ക് വൈദ്യുതി ലഭിക്കുന്നില്ല. നാലുമാസംമുമ്പ് പോസ്റ്റിൽനിന്നുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു.

ശകുന്തള ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടതാണെങ്കിലും നേരത്തേ വൈദ്യുതി കണക്ഷനുള്ളതിനാൽ ബി.പി.എൽ. വിഭാഗക്കാർക്കുള്ള സൗജന്യ പോസ്റ്റിനുള്ള ആനുകൂല്യവും ലഭിച്ചില്ല. പലതവണ അപേക്ഷ നൽകുകയും വാർഡ് പ്രതിനിധികളോടടക്കം പരാതിപ്പെടുകയും ചെയ്തിട്ടും ഇതുവരെ ഫലമുണ്ടായില്ല. തിരഞ്ഞെടുപ്പ് സമയത്ത് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് പലരും വരുന്നുണ്ടെന്ന് അവർ പറഞ്ഞു.

പ്രശ്നം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ആരും പരാതിയുമായി വന്നിട്ടില്ലെന്നും കേളകം കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു. പരിശോധിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കുമെന്നും അവർ പറഞ്ഞു.