Archana
അർച്ചന

പോത്തൻകോട്: നാലാം വിവാഹവാർഷികദിനത്തിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. മംഗലപുരം വാലിക്കോണം വെയിലൂർ ചീനിവിള തൊടിയിൽ വീട്ടിൽ രാഹുലിന്റെ ഭാര്യ അർച്ചന(26)യാണ് മരിച്ചത്. രാഹുലുമൊത്ത് ബൈക്കിൽ പോകവേ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വിവാഹവാർഷികം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി വൈകീട്ട് വീട്ടിൽ സത്‌കാരം ഒരുക്കിയിരുന്നു.

വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ പോത്തൻകോട്-അയിരൂപ്പാറ റോഡിൽ തേരുവിള ജങ്ഷനു സമീപമായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ എതിരേവന്ന കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അർച്ചനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നുവയസ്സുകാരൻ ഋതുരാജ് മകനാണ്. ശവസംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പിൽ നടക്കും.