തിരുവനന്തപുരം: ലോക വനിതാദിനത്തിൽ മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കാൻ വനിതാ കമാൻഡോകൾ. മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിലും ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലെ ഒാഫീസിലുമായിരുന്നു വനിതാ കമാൻഡോകളെ വിന്യസിച്ചത്.

വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 125 പോലീസ് സ്റ്റേഷനുകളിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷൻഹൗസ് ഓഫീസറുടെ ചുമതല വഹിച്ചത്. പരാതിക്കാരെ സ്വീകരിച്ചതും അന്വേഷണം നടത്തിയതും ജി.ഡി. ചാർജിന്റെ ചുമതല വഹിച്ചതും എല്ലാ ദൈനംദിന ജോലികളും വനിതാ ഉദ്യോഗസ്ഥരാണ് നിർവഹിച്ചത്‌.

തിരുവനന്തപുരം ജില്ലയിൽ 19 പോലീസ് സ്റ്റേഷനുകളിലാണ് വനിതകൾ സ്റ്റേഷൻഹൗസ് ഓഫീസർമാരുടെ ചുമതല വഹിച്ചത്. എറണാകുളത്ത് 12 സ്റ്റേഷനുകളിലും തൃശ്ശൂരിൽ 17 സ്റ്റേഷനുകളിലും കോഴിക്കോട് 13 സ്റ്റേഷനുകളിലും വനിതകൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി. ഒന്നിലധികം വനിതാ സബ് ഇൻസ്പെക്ടർമാരുളള സ്റ്റേഷനുകളിൽനിന്ന് അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളിൽ ലഭ്യമാക്കിയിരുന്നു. വനിതാ ഓഫീസർമാർ ലഭ്യമല്ലാതിരുന്ന സ്ഥലങ്ങളിൽ വനിതകളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരെയും സിവിൽ പോലീസ് ഓഫീസർമാരെയുമാണ് നിയോഗിച്ചിരുന്നത്.

content highlights; women commandos for CM security on women's day