ശാസ്താംകോട്ട (കൊല്ലം): സ്ത്രീധനം കുറഞ്ഞെന്നും വിവാഹസമ്മാനമായി കിരണിനുനൽകിയ കാർ മോശമാണെന്നും പറഞ്ഞ് നിരന്തരമുണ്ടായ വഴക്കും പ്രശ്നങ്ങളുമാണ് വിസ്മയയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 2020 മേയ് 31-നാണ് കിരണും വിസ്മയയും വിവാഹിതരായത്. മാസങ്ങൾക്കുള്ളിൽത്തന്നെ സ്വരചേർച്ചയില്ലായ്മ പ്രകടമായി. ഇതിനിടയിൽ വിസ്മയ സ്വന്തംവീട്ടിലേക്കു മടങ്ങി. പോരുവഴിയിലെ എൻ.എസ്.എസ്. നേതൃത്വം ഇടപെട്ട് രമ്യതയിലെത്തിച്ചു. വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തെങ്കിലും അടുത്തിടെ ഒത്തുതീർപ്പാക്കി. യുവതി ഭർത്തൃവീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

എന്നാൽ, ഇതിനുശേഷവും ഭർത്താവിൽനിന്ന് സ്ത്രീധനത്തിന്റെപേരിൽ മർദനമേറ്റിരുന്നതായാണ് യുവതിയുടെ വാട്‌സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്. മരിക്കുന്നതിനു തൊട്ടുമുൻപുള്ള ദിവസങ്ങളിലും ഭർത്താവ് മർദിച്ചതായി സഹോദരനയച്ച വാട്‌സാപ്പ് സന്ദേശത്തിൽ വിസ്മയ വെളിപ്പെടുത്തുന്നു. കൈകളിലും മുഖത്തും മർദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചു. വിവാഹസമയത്ത് സ്ത്രീധനമായി നൽകിയ കാർ കൊള്ളില്ലെന്നുപറഞ്ഞ്‌ ഭർത്താവ് മർദിച്ചെന്നാണ് വിസ്മയ പറഞ്ഞിരുന്നത്. ഞായറാഴ്ച വൈകീട്ടാണ് സംഭവങ്ങൾ വിശദീകരിച്ച് വിസ്മയ സന്ദേശങ്ങളയച്ചത്. അടുത്ത പുലർച്ചെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോലീസ് സർജന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തതലഭിക്കൂവെന്നും ശൂരനാട് എസ്.എച്ച്.ഒ. കെ. ശ്യാം അറിയിച്ചു. സുജിത വി. നായരാണ് വിസ്മയയുടെ അമ്മ. സഹോദരൻ: വിജിത്ത് വി. നായർ.

Content Highlight: woman found dead after dowry harassment by husband