അഞ്ചൽ (കൊല്ലം) : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം വെള്ളിയാഴ്ച യുവതിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി. ഏറം വെള്ളാശ്ശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്ര(25)യാണ് മരിച്ചത്. മാർച്ച് രണ്ടിന് അടൂർ പറക്കോട്ടുള്ള ഭർത്താവിന്റെ വീട്ടിൽെവച്ചാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. അതിന്റെ ചികിത്സ തുടരവേ മേയ് ഏഴിന് സ്വന്തം വീട്ടിൽവെച്ച് ഭർത്താവിന്റെയൊപ്പം ഒരേമുറിയിൽ തങ്ങുമ്പോഴാണ് ഉത്രയ്ക്ക് വീണ്ടും പാമ്പുകടിയേറ്റത്.

രാവിലെ ഉത്രയുടെ അമ്മ ചായയുമായി ചെന്നു വിളിച്ചപ്പോൾ മകൾ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇടതുകൈയിൽ പാമ്പ് കടിച്ചതിന്റെ പാടും ഉണ്ടായിരുന്നു. വീട്ടിലെത്തി ഉത്രയും ഭർത്താവും കിടന്ന മുറി പരിശോധിച്ചപ്പോൾ മൂർഖനെ കണ്ടെത്തുകയും അതിനെ കൊല്ലുകയും ചെയ്തു. രണ്ടുതവണ പാമ്പ് കടിച്ചത് യുവതി അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് രക്ഷിതാക്കൾ പറയുന്നു. ആദ്യതവണ ഭർത്താവിന്റെ വീട്ടിൽെവച്ച് ഉത്ര ബോധംെകട്ടുവീണപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പരിശോധനയിലാണ് പാമ്പുകടിയേറ്റ വിവരമറിയുന്നത്. അണലിയാണ് കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. പിന്നീട് പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. ഇതിന്റെ മുറിപ്പാടുകൾ ഉണങ്ങുംമുൻപേയാണ് രണ്ടാമത് മൂർഖന്റെ കടിയേറ്റ് ഉത്ര മരിച്ചത്.

രണ്ടാമത് പാമ്പുകടിയേറ്റ ദിവസം ദമ്പതിമാർ എ.സി. മുറിയിൽ രണ്ട് കട്ടിലിലാണ് കിടന്നത്. രാത്രി ഒൻപതരയ്ക്ക് ഉത്രയുടെ അമ്മ മുറിയുടെ ജനാലകൾ അടച്ചിരുന്നു. പിന്നീട് ഭർത്താവ്‌ സൂരജാണ് ജനാലകൾ തുറന്നിട്ടത്. ഭർത്താവും വീട്ടുകാരും കൂടുതൽ പണമാവശ്യപ്പെട്ട് ഉത്രയെ ശല്യംചെയ്തിരുന്നെന്നും ഇതുകാരണം മകളെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് ആദ്യം പാമ്പുകടിയേറ്റതെന്നും രക്ഷിതാക്കൾ പറഞ്ഞു. മുൻപ് ഭർത്തൃവീടിന്റെ മുകൾനിലയിൽ ഒരു പാമ്പ് കിടക്കുന്നതുകണ്ട് ഉത്ര ബഹളംെവച്ചപ്പോൾ സൂരജ് അതിനെയെടുത്ത് ചാക്കിലാക്കിയെന്ന് മകൾ പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു. പാമ്പിനെ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ളയാളാണ് സൂരജെന്ന സംശയം തോന്നാൻ കാരണമിതാണെന്ന് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞു.

മകളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് രക്ഷിതാക്കൾ റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് ഹരിശങ്കറിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. അശോക് കുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും അഞ്ചൽ എസ്.ഐ. പുഷ്പകുമാറാണ് അന്വേഷിക്കുന്നതെന്നും സി.ഐ. സി.എൽ.സുധീർ പറഞ്ഞു.

Content Highlight:  Woman dies of snake bite The investigation intensified