
തൃശ്ശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിൽ ഒരു വർഷത്തിനുശേഷം യുവതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി ചക്കുങ്ങൽവീട്ടിൽ അഭിരാമി(24)യെയാണ് ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജനുവരിയിൽ തൂങ്ങിമരിച്ച പെൺകുട്ടിയെ മരണത്തിനു മുമ്പ് പീഡിപ്പിച്ചതായാണ് കേസ്.
മരിച്ച പെൺകുട്ടിക്ക് ആൺസുഹൃത്തുമായുണ്ടായിരുന്ന പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് യുവതി താക്കീത് നൽകിയിരുന്നു. മാനസികസമ്മർദം ഏറിയപ്പോഴാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അതോടെ യുവതിയ്ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. അഭിരാമിയും മരിച്ച പെൺകുട്ടിയുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷണത്തിനിടയിൽ ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവുകൾ യുവതിയുടെ ഫോണിൽനിന്ന് ലഭിച്ചതായും പോലീസ് അറിയിച്ചു.
തൃശ്ശൂർ ടൗൺ ഈസ്റ്റ് എസ്.എച്ച്.ഒ. ലാൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. കെ. അനുദാസ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മി, ദുർഗ എന്നിവരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.