മഞ്ചേശ്വരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തി കള്ളവോട്ടിനു ശ്രമിച്ചെന്ന പരാതിയിൽ യുവതിയെ അറസ്റ്റുചെയ്തു. ബാക്രബയൽ സ്വദേശി നഫീസ അബൂബക്കറി(36)നെയാണ് വൊർക്കടി പാത്തൂരിലെ 42-ാം നമ്പർ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറുടെ പരാതിയെത്തുടർന്ന് മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തത്.

രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ ഓഫീസിൽനിന്നു നൽകിയ സ്ലിപ്പുമായി ഉച്ചയോടെ ഇവർ ബൂത്തിലെത്തിയപ്പോൾ ആൾമാറാട്ടം നടത്താൻ ശ്രമിച്ചുവെന്ന് പോളിങ് ഏജൻറ് പരാതിപ്പെട്ടു. തുടർന്ന് പ്രിസൈഡിങ് ഓഫീസർ സ്ലിപ്പ് വിശദമായി പരിശോധിച്ചു. വോട്ടർപ്പട്ടികയിലുള്ള പേരുമായി ചെറിയ വ്യത്യാസം കണ്ടതിനെത്തുടർന്നാണ് തുടർനടപടിക്കു നിർദേശിച്ചത്. എന്നാൽ, കള്ളവോട്ട് ചെയ്യാനായി എത്തിയതല്ലെന്നും ആൾമാറാട്ടം നടത്താൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും യുവതി പ്രതികരിച്ചു. യഥാർഥ തിരിച്ചറിയൽ കാർഡുമായാണ് പോളിങ് ബൂത്തിലേക്ക് എത്തിയതെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ ഇവർ വോട്ട് രേഖപ്പെടുത്തിയിരുന്നുവെന്നും ഇത്തവണ വോട്ടർപ്പട്ടികയിൽ പേരില്ലാത്തകാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും യുവതിയുടെ ഭർത്താവ് അബൂബക്കർ വിശദീകരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതേ ബൂത്തിലാണ് ഇവർ വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

content highlights: Woman arrested for false vote attempt