പാലക്കാട്: ഏറ്റവുമൊടുവിൽ ശമ്പളം കിട്ടിയത് 2017 ഡിസംബറിൽ. ഒരുവർഷമായി അലവൻസും നിലച്ചു. ശമ്പളം നൽകുന്നതിലെ തടസ്സമെന്തെന്ന് വ്യക്തമാക്കേണ്ടത് സർക്കാരാണ് -രണ്ടുവർഷത്തിലേെറയായി ശമ്പളമില്ലാത്ത ഡി.ജി.പി. തസ്തികയിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥനും ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എം.ഡി.യുമായ ജേക്കബ് തോമസ് ബുധനാഴ്ച ‘മാതൃഭൂമി’യോട് പറഞ്ഞു.
ഐ.എം.ജി. മേധാവിയായിരിക്കുമ്പോഴാണ് 2017 ഡിസംബറിൽ അവസാനമായി ശമ്പളം നൽകിയത്. 2018 ജനുവരിക്കുശേഷം അലവൻസും ലഭിക്കുന്നില്ല.
മെറ്റൽ ഇൻഡസ്ട്രീസിൽ ഓഫീസ് സ്റ്റാഫോ വാഹനമോ അനുവദിച്ചിട്ടില്ല. തരേണ്ടത് അവരല്ലേ, അതുകൊണ്ട് ശമ്പളം ചോദിച്ചില്ല. നിയമവാഴ്ചയുള്ള രാജ്യത്ത് പഞ്ചായത്ത് പണിയെടുക്കുന്നവർക്കുപോലും കൂലിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറിലാണ് മെറ്റൽ ഇൻഡസ്ട്രീസ് മേധാവിയായി ജേക്കബ് തോമസ് ചുമതലയേറ്റത്. മെറ്റൽ ഇൻഡസ്ട്രീസിൽ ഡിസംബറിനുശേഷം ജീവനക്കാർക്കും ശമ്പളംനൽകാൻ ഫണ്ട് ലഭിച്ചിട്ടില്ല.
70 മുതൽ 80 ശതമാനംവരെ നഷ്ടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 2019-ൽ ലഭിച്ച ഒരുകോടിരൂപ ഉപയോഗിച്ചായിരുന്നു ശമ്പളവിതരണം. 2018-ൽ ഒന്നരക്കോടിയും ശമ്പളമടക്കമുള്ള ചെലവുകൾക്കായി ലഭിച്ചു.
വികസനത്തിന് അനിവാര്യമായ കയറ്റുമതിയും വിദേശവിപണിയും മെറ്റൽ ഇൻഡ്സ്ട്രീസിന് ലഭ്യമാക്കുന്നതിനായി ഇംഗ്ലണ്ടിലെ കമ്പനിയുമായി കരാറുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്.
ഇത് ദീർഘകാല കരാറായതിനാൽ കമ്പനിയുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് സമയം വേണ്ടിവരും. അതുവരെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സർക്കാർസഹായം അനിവാര്യമാണെന്നും ജേക്കബ്തോമസ് പറഞ്ഞു.