തിരുവനന്തപുരം: എല്ലാവര്‍ക്കും പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്ലസ്‌വൺ വിഷയങ്ങള്‍ക്ക് 10 ശതമാനം സീറ്റ് കൂട്ടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. അപേക്ഷ നല്‍കുന്ന എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ്മെന്റ്, പൊതുമെറിറ്റ് സീറ്റ് എന്നിവയും വര്‍ധിപ്പിക്കും. എന്നിട്ടും പരിഹാരമായില്ലെങ്കില്‍ താത്കാലിക ബാച്ചുകള്‍ അനുവദിക്കും.

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടും ഇഷ്ടവിഷയത്തില്‍ പ്രവേശനം ലഭിക്കാത്ത 5812 കുട്ടികളുണ്ടെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചശേഷം സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ കോഴ്സ് അടിസ്ഥാനത്തില്‍ എത്രപേര്‍ക്കാണ് സീറ്റ് ലഭിക്കേണ്ടതെന്ന് കണക്കെടുക്കും. 

പ്രവേശനം കിട്ടാതായതോടെ വടക്കന്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് കൂട്ടിയെങ്കിലും പല ജില്ലകളിലും ഇതേ ആവശ്യം വീണ്ടും ഉയര്‍ന്നു. ശ്രദ്ധക്ഷണിക്കലും മറ്റുമായി പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ മൂന്നുവട്ടം ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സീറ്റ് വര്‍ധന അടക്കമുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ അനുമതിക്കു സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പ്രധാന തീരുമാനങ്ങൾ

  • പൂർണമായി ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്കു മാറ്റും.
  • 20 ശതമാനം സീറ്റ് വർധിപ്പിച്ച സർക്കാർ സ്കൂളുകളിൽ ആവശ്യമെങ്കിൽ 10 ശതമാനം കൂടി സീറ്റ് കൂട്ടും.
  • നേരത്തേ മാർജിനൽ സീറ്റ് വർധന നടപ്പാക്കാത്ത ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 10 അല്ലെങ്കിൽ 20 ശതമാനം സീറ്റ് കൂട്ടും.
  • അപേക്ഷ നൽകുന്ന എയ്ഡഡ്-അൺഎയ്ഡഡ് സ്‌കൂളുകളിൽ മാർജിനൽ സീറ്റ് വർധനവിന്റെ 20 ശതമാനം മാനേജ്‌മെന്റ് സീറ്റും ബാക്കിയുള്ള സീറ്റുകൾ പൊതു മെറിറ്റിൽ 10 അല്ലെങ്കിൽ 20 ശതമാനം കൂട്ടും.
  • സപ്ലിമെന്ററി അലോട്ട്‌മെന്റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താത്കാലിക ബാച്ചുകൾ അനുവദിക്കും.
  • പട്ടികവർഗ വിദ്യാർഥികൾക്ക് വയനാട് ജില്ലയിലെ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും കല്പറ്റ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിക്കും.

സീറ്റ് പ്രശ്നം 50 താലൂക്കിൽ

78 താലൂക്കുകളിൽ അമ്പതിടത്തും കോമ്പിനേഷൻ തിരിച്ച് പ്ലസ്‌വൺ സീറ്റ് ക്ഷാമമുണ്ടെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ ആദ്യ ഘട്ടമായി മാർജിനൽ സീറ്റ് വർധന നടപ്പാക്കി. ബാക്കിയുള്ള ജില്ലകളിലും ആവശ്യത്തിന് അനുസരിച്ച് വർധിപ്പിക്കും. 2,35,897 കുട്ടികൾക്ക് രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചു. പ്ലസ് വൺ സീറ്റ് പ്രശ്നം പത്തുദിവസത്തിനുള്ളിൽ പരിഹരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.