കോട്ടയം: കേരള കോൺഗ്രസ് ഹൈപ്പവർ കമ്മിറ്റി ശനിയാഴ്ച കോട്ടയത്ത് ചേരും. വിഭാഗീയപ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം സംഘടനാ തിരഞ്ഞെടുപ്പും ചർച്ചയാകും. ഭരണഘടനയിലുണ്ടെങ്കിലും ഇതേവരെ നിലവിൽവരാത്ത എക്സിക്യുട്ടീവ് കമ്മിറ്റി രൂപവത്‌കരിക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളും പ്രഖ്യാപിച്ചേക്കും.

ഹൈപ്പവർ കമ്മിറ്റിയാണ് നിലവിലെ ഉയർന്ന സമിതി. അതിനു താഴെയാണ് സ്റ്റിയറിങ് കമ്മിറ്റി. ഇവയ്ക്ക് രണ്ടിനും ഇടയിലാണ് പുതിയ സമിതിയുടെ സ്ഥാനം. പരമോന്നതസമിതിക്ക് തൊട്ടുതാഴെയൊരു സംവിധാനം വരുമ്പോൾ രണ്ടാംനിരയിലുള്ള നേതാക്കളെ ഉൾപ്പെടുത്താൻ കഴിയും. വിവിധ സമിതികളിൽ അംഗങ്ങളുടെ എണ്ണം കുറയ്ക്കും. ജംബോ സമിതികളുടെ പേരിൽ മുമ്പ് കേട്ട ആക്ഷേപം പരിഹരിക്കും.

ആറു മാസംകൊണ്ട് സംഘടനാ തിരഞ്ഞെടുപ്പ് തീർക്കും. നിലവിൽ വിവാദമുയർത്തിയ വിവിധ സ്ഥാനനിർണയങ്ങൾ മാറ്റിമറിക്കുമോ എന്നതിൽ നിശ്ചയമില്ല. മോൻസ് ജോസഫിനെ പി.ജെ.ജോസഫിന് തൊട്ടുതാഴെയുള്ള എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്തേക്കും ജോയി ഏബ്രഹാമിനെ സെക്രട്ടറി ജനറലായും നിശ്ചയിച്ചതിൽ ഒരു വിഭാഗം അമർഷത്തിലാണ്.

ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർ ചില പരിപാടികളിൽനിന്ന് സമീപകാലത്ത് വിട്ടുനിന്നിരുന്നു. ഇവർ പി.ജെ.ജോസഫിന് കത്തും നൽകി. പി.ജെ.ജോസഫ് ഇൗ നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന.