തിരുവനന്തപുരം: സന്നദ്ധ രക്തദാനത്തിനായി സ്ത്രീകൾ അടക്കം കൂടുതൽപ്പേർ മുന്നോട്ടുവരണമെന്ന് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് പ്രതിവർഷം ആവശ്യമായി വരുന്ന രക്തത്തിൽ 84 ശതമാനമാണ് സന്നദ്ധ രക്തദാനത്തിലൂടെ ലഭിക്കുന്നത്. ഇത് നൂറു ശതമാനത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് നടത്തും. ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.

രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആവിഷ്‌കരിച്ച ’സസ്‌നേഹം സഹജീവിക്കായി’ എന്ന പ്രചാരണത്തിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. സന്നദ്ധ രക്തദാന മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തിയ സംഘടനകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ന്യൂ ഇന്ത്യാ @75 എന്ന പരിപാടിയിലെ വിജയികൾക്ക് മന്ത്രി സമ്മാനം നൽകി. ഗുഡ്‌വിൽ അംബാസഡർമാരായ മഞ്ജുവാര്യർ, നീരജ് മാധവ് എന്നിവർ ഓൺലൈനായി ആശംസയർപ്പിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ.രാജു, കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ.രമേശ്, ബോധവത്കരണ വിഭാഗം ജോയിന്റ് ഡയറക്ടർ രശ്മി മാധവൻ എന്നിവരും പങ്കെടുത്തു.