ആനാവൂർ (തിരുവനന്തപുരം): പക്ഷാഘാതം കാരണം വർഷങ്ങളായി കിടപ്പിലായ ഭർത്താവിനെ ഭാര്യ കഴുത്തറത്ത് കൊലപ്പെടുത്തി. പിന്നീട് കുളത്തിൽ ചാടി ആത്മഹത്യക്കൊരുങ്ങിയ ഭാര്യയെ വയലിലെ ചാലിൽ അബോധാവസ്ഥയിൽ കണ്ടെത്തി. മണവാരിക്ക്‌ സമീപം കോരണംകോട് ഒലിപ്പുറത്ത് കാവുവിള പുത്തൻവീട് രോഹിണിയിൽ ജ്ഞാനദാസ് (ഗോപി-72) ആണ് മരിച്ചത്. ഭാര്യ സുമതി (66) ആണ് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിലുള്ളത്.

ചൊവ്വാഴ്ച രാവിലെ എട്ടിനും ഒമ്പതിനും മധ്യേ കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. പണി നടക്കുന്ന കുടുംബവീടിന്റെ സമീപത്തുള്ള കൃഷിയിടത്തിലെ ഒറ്റമുറി കെട്ടിടത്തിനുള്ളിൽ നിലത്താണ് ജ്ഞാനദാസിന്റെ മൃതദേഹം കിടന്നിരുന്നത്. കഴുത്തറത്ത നിലയിലായിരുന്നു. ചുറ്റും രക്തം തളംകെട്ടി കിടക്കുന്നു. കൃഷിയിടത്തിന് കുറച്ചകലെയുള്ള കുളത്തിന് സമീപത്തുള്ള വയലിലെ ചാലിലാണ് സുമതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സമീപത്ത് താമസിക്കുന്ന മകൻ സുനിൽദാസ് ഇവർക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പിന്നീട് സുമതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിടപ്പുരോഗിയായ ഭർത്താവിനെ ശുശ്രൂഷിക്കുന്നതിലുള്ള ബുദ്ധിമുട്ടിൽ ഭർത്താവിനെ കൊലപ്പെടുത്തിയശേഷം കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു സുമതി പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.

ടാപ്പിങ് തൊഴിലാളിയായ ജ്ഞാനദാസ് 10 വർഷം മുമ്പാണ് പക്ഷാഘാതമേറ്റ് ചികിത്സയിലായത്. മകനോടൊപ്പം കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. ഒരു വർഷം മുമ്പ് വീട് പുതുക്കിപ്പണിയാൻ തുടങ്ങി. ഇതോടെ ജ്ഞാനദാസും ഭാര്യയും മകൾ സുനിതയുടെ കൊല്ലങ്കോട് കാഞ്ഞാപുറത്തുള്ള വീട്ടിലേയ്ക്ക് മാറി. ഇരുവരും നിർബന്ധിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പ് കുടുംബവീട്ടിലേയ്ക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

വീടിന്റെ പണി പൂർത്തിയാകാത്തതിനാൽ പുരയിടത്തിന് സമീപത്തുള്ള ഷെഡ്ഡിൽ സജ്ജീകരണമൊരുക്കി ഇരുവരെയും താമസിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

റൂറൽ എസ്.പി. പി.കെ.മധു, നെയ്യാറ്റിൻകര ഡിവൈ.എസ്.പി. എം.അനിൽകുമാർ, മാരായമുട്ടം സി.ഐ. പ്രസാദ് എന്നിവരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മുറിയിൽ നിന്ന് കണ്ടെത്തി.

content highlights: wife slit throat of oldman