തിരുവനന്തപുരം: ‘‘ഇത് വനിതാ കമ്മിഷൻ അംഗം ഇ.എം.രാധ. കേരളത്തിലെ ആദ്യമുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകളാണ്’’- ചടങ്ങിനിടയിൽ ഇ.എം.രാധയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു പരിചയപ്പെടുത്തി. പറഞ്ഞുതീരും മുൻപ് ഗവർണറുടെ കണ്ണുകളിൽ അതിശയവും സ്നേഹവായ്പും നിറഞ്ഞു. ‘‘ഇ.എം.എസിന്റെ മകളോ, എന്തുകൊണ്ട് ഇതുവരെ നമ്മൾ കണ്ടില്ല’’-ദേശീയ രാഷ്ട്രീയത്തിൽ സമകാലികനും സുഹൃത്തുമായിരുന്ന ഇ.എം.എസിന്റെ ഓർമകളിലേക്ക് ഗവർണർ കടന്നു. കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ ‘കല’യുടെ മദർ തെരേസ അവാർഡ് സിനിമ-സീരിയൽ താരം സീമ ജി.നായർക്ക് സമ്മാനിക്കുന്ന ചടങ്ങായിരുന്നു വേദി. രാജ്ഭവനിലായിരുന്നു ചടങ്ങ്.

വനിതാ കമ്മിഷൻ അംഗവും കലയുടെ ട്രസ്റ്റിയുമായ രാധയും ഗവർണറുടെ ഊഷ്മളമായ ഇടപെടൽ കണ്ട് വിസ്മയിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നോട് എന്നും സ്നേഹത്തോടെ പെരുമാറിയിരുന്ന നേതാവായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. ഏറെ വാത്സല്യവും കാട്ടിയിരുന്നു. അറിവിന്റെ നിറകുടമായിരുന്നു ആ വലിയ മനുഷ്യൻ. പക്ഷേ, എവിടെയും എളിമകാട്ടി. ഞാൻ രണ്ടുവർഷമായി ഇവിടെയുണ്ടായിട്ടും ഇ.എം.എസിന്റെ മകൾ തിരുവനന്തപുരത്തുണ്ടെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ ഇതിനുമുൻപേ നമ്മൾ തമ്മിൽ കാണുമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ മകൾ എന്നെ ഇങ്ങോട്ടുവന്ന് കണ്ടതിൽ വളരെ സന്തോഷം. ഇനി ഞാൻ വിളിക്കും. വീട്ടുകാരെ എല്ലാംകൂട്ടി വരണം-ഗവർണർ പറഞ്ഞു.

സാമൂഹികക്ഷേമ പ്രവർത്തനരംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതയ്‌ക്കുള്ള പുരസ്‌കാരം സീമ ജി.നായർക്ക് ഗവർണർ സമ്മാനിച്ചു. സഹപ്രവർത്തക ശരണ്യയുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം സമ്പാദ്യം ചെലവിട്ട സീമ ജി.നായരുടെ മാതൃക ഉദാത്തമാണെന്ന് പുരസ്‌കാരം കൈമാറിക്കൊണ്ട് ഗവർണർ പറഞ്ഞു. കലയുടെ രക്ഷാധികാരി സുനിൽ ജോസഫ് കൂഴാംപാല, മാനേജിങ് ട്രസ്റ്റി ലാലു ജോസഫ്, ട്രസ്റ്റികളായ അഭിരാം കൃഷ്ണൻ, സുഭാഷ് അഞ്ചൽ, ബിജു പ്രവീൺ എന്നിവരും പങ്കെടുത്തു.