കോഴിക്കോട്: തുടർഭരണം ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഇത്തവണ നേരിടുന്നത് ആരായിരിക്കും? സി.പി.എം. കേന്ദ്രങ്ങളിലേക്കാൾ ആകാംക്ഷ യു.ഡി.എഫ്. പാളയത്തിലാണ്. ധർമടം പോലൊരു സി.പി.എം. സുരക്ഷിതമണ്ഡലത്തിൽ നാട്ടുകാരനായ പിണറായി വിജയൻ എന്ന കരുത്തനെ തോൽപ്പിക്കാനാവുമെന്ന് എതിരാളികൾപോലും കരുതുന്നില്ല. എന്നാൽ, ശക്തമായ മത്സരം കാഴ്ചവെക്കണമെന്ന ആഗ്രഹവുമായി നല്ല സ്ഥാനാർഥിയെ കാത്തിരിക്കുകയാണ് യു.ഡി.എഫ്. പ്രവർത്തകർ.

മണ്ഡലമുണ്ടായതു മുതൽ സി.പി.എം. മികച്ച വിജയമാണ് ധർമടത്തു നേടിയത്. 2011-ൽ മണ്ഡലത്തിലെ ആദ്യ മത്സരത്തിൽ സി.പി.എം. നേതാവ് കെ.കെ. നാരായണൻ 15,177 വോട്ടിനാണു വിജയിച്ചതെങ്കിൽ 2016-ൽ 36,905 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിലെത്തിയത്.

രണ്ടുതവണയും കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി. പ്രമുഖ സഹകാരിയും നാട്ടുകാരനുമായ ദിവാകരൻ വീണ്ടും മത്സരത്തിനില്ലെന്നാണു സൂചന. സംസ്ഥാനതലത്തിൽത്തന്നെ അറിയപ്പെടുന്ന ശക്തനായ ഒരു സ്ഥാനാർഥിയെ കിട്ടണമെന്ന ആഗ്രഹത്തിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം. ഒട്ടേറെ പേരുകൾ ഇതിനകം ചർച്ചകളിൽ നിറയുന്നുണ്ട്. ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ, എ.ഐ.സി.സി. മാധ്യമവക്താവ് ഡോ. ഷമ മുഹമ്മദ്, ഐ.എൻ.ടി.യു.സി. നേതാവ് സി. രഘുനാഥ്, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുൾ റഷീദ് തുടങ്ങി പട്ടിക നീളുന്നു. ജില്ലയിലെ ചില പ്രാദേശിക നേതാക്കളുടെ പേരും ചർച്ചകളിലുണ്ട്.

മുഖ്യമന്ത്രിയുടെ മണ്ഡലം എന്നനിലയിൽ ധർമടത്ത് പിണറായിയുടെ ഭരണകാലത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താൽ ഇത്തവണ അനായാസ വിജയമായിരിക്കുമെന്ന് സി.പി.എം. ഉറപ്പിക്കുന്നു. എങ്കിലും എതിരാളി ആരായിരിക്കുമെന്ന കാര്യത്തിലുള്ള ആകാംക്ഷ ഇടതുപക്ഷത്തുമുണ്ട്.

Content Highlights: Who will contest against Chief Minister Pinarayi Vijayan this time?