കൊച്ചി: മന്ത്രി ആരാകണമെന്ന കാര്യത്തിൽ എൻ.സി.പി.യിൽ തർക്കം മുറുകുന്നു. രണ്ട് എം.എൽ.എ.മാർക്കും വേണ്ടി ഭാരവാഹികൾ രംഗത്തുവന്നതോടെ ഇക്കാര്യത്തിലും ശരത് പവാറിന്റെ ഇടപെടൽ അനിവാര്യമായി. മുൻമന്ത്രി എ.കെ. ശശീന്ദ്രൻ തുടരണമെന്നതിനാണ് പാർട്ടിയിൽ മുൻതൂക്കമെങ്കിലും ഒരുവിഭാഗം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. സംസ്ഥാന അധ്യക്ഷനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും തോമസ് കെ. തോമസിനുവേണ്ടി നിലയുറപ്പിച്ചേക്കുമെന്നതിനാൽ അതിനെ ചെറുക്കാൻ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവർ ശക്തമായി ഇറങ്ങിയിട്ടുണ്ട്.

മുൻമന്ത്രി തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് എൻ.സി.പി. അവിടെ സ്ഥാനാർഥിയായി തോമസ് കെ. തോമസിനെ പരിഗണിച്ചത്. ചാണ്ടിയുടെ സഹോദരൻ എന്നനിലയിലും കുടുംബത്തിന്റെ നിർദേശം പരിഗണിച്ചുമായിരുന്നു തീരുമാനം. ഉപതിരഞ്ഞെടുപ്പ് നടക്കാതിരുന്നപ്പോൾ, പിന്നീടുവന്ന പൊതു തിരഞ്ഞെടുപ്പിലും ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയെത്തന്നെ പരിഗണിക്കുകയായിരുന്നു. എം.എൽ.എ. എന്നനിലയിൽ പുതുമുഖമായ തോമസ് കെ. തോമസിനെ ഒറ്റയടിക്ക് മന്ത്രിയാക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് ശശീന്ദ്രനെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്.

ശശീന്ദ്രൻ പുതിയ തലമുറയ്ക്കായി മാറിക്കൊടുക്കണമെന്നാണ് തോമസ് കെ. തോമസിനെ പിന്തുണയ്ക്കുന്നവർ ആവശ്യപ്പെടുന്നത്. ടി.പി. പീതാംബരനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി, ആ സ്ഥാനം ശശീന്ദ്രൻ ഏറ്റെടുത്ത് മന്ത്രിസ്ഥാനം വിട്ടുകൊടുക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കൽ പ്രസ്താവനയിറക്കിയതും പാർട്ടിയിൽ വിവാദമായിട്ടുണ്ട്.

എൻ.സി.പി.യിലേക്കു വന്ന മുതിർന്ന നേതാവ് പി.സി. ചാക്കോയ്ക്ക് ഇതുവരെ സ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹം സംസ്ഥാന പ്രസിഡന്റാവണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ചാക്കോയുടെ നിലപാടും നിർണായകമാവും.

Content Highlights:who should be the minister, may Sharad Pawar will decide