കോഴിക്കോട്: ജമ്മു കശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഒരുവിഭാഗം ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ പരക്കേ അക്രമം. മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളെയാണ് കൂടുതല്‍ ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റിടങ്ങളില്‍ കാര്യമായി ബാധിച്ചില്ല.

അക്രമസംഭവങ്ങളെത്തുടര്‍ന്ന് മലപ്പുറത്തെ തിരൂര്‍, പരപ്പനങ്ങാടി, താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണകൂടാതെ നടന്ന ഹര്‍ത്താല്‍, നിയന്ത്രിക്കാന്‍ നേതാക്കളില്ലാതെ പലയിടത്തും അക്രമാസക്തമായി.

തിരൂരിലും താനൂരിലും ആള്‍ക്കൂട്ടം പോലീസിനുനേരെ കല്ലെറിഞ്ഞു. തിരൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ ജനക്കൂട്ടത്തിനുനേരെ പോലീസ് മൂന്നുതവണ ഗ്രനേഡ് പ്രയോഗിച്ചു. രണ്ടുതവണ ലാത്തിവീശി. ഇവിടെമാത്രം 20 പോലീസുകാര്‍ക്ക് പരിക്കേറ്റു.

റാപ്പിഡ് റെസ്‌ക്യൂഫോഴ്‌സില്‍ ഉള്‍പ്പെട്ട വിപിന് കല്ലേറില്‍ വലതുകണ്ണിന് സാരമായ പരിക്കുണ്ട്. തിരൂര്‍ക്കാട്, അരിപ്ര എന്നിവിടങ്ങളിലും ലാത്തിച്ചാര്‍ജുണ്ടായി. ഒട്ടേറെ സമരക്കാര്‍ക്കും പരിക്കേറ്റു. ജില്ലയില്‍ ഇരുനൂറോളംപേരെ കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരേ കേസെടുത്തു.

ചേലേമ്പ്ര ഇടിമുഴിക്കല്‍ ഗണപതി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഹര്‍ത്താലനുകൂലികള്‍ കയറിയത് സംഘര്‍ഷത്തിനിടയാക്കി. ഇതു തടയാന്‍ മറ്റൊരുസംഘം ശ്രമിച്ചതോടെ പോലീസെത്തി ഇവരെ തുരത്തി.

കണ്ണൂരില്‍ ലാത്തിച്ചാര്‍ജിലും അക്രമങ്ങളിലും രണ്ട് എ.എസ്.ഐ. ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. നൂറിലധികംപേരെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട്ട് നാല് കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ല് തകര്‍ത്തു. രണ്ടു ഡ്രൈവര്‍മാര്‍ക്കും ഒരു കണ്ടക്ടര്‍ക്കും പരിക്കേറ്റു. 93 പേരെ അറസ്റ്റുചെയ്തു. പാലക്കാട്ട് ഇരുനൂറോളം പേര്‍ക്കെതിരേ കേസെടുത്തു. ഒരു പോലീസുകാരന് പരിക്കേറ്റു.

കോഴിക്കോട് വിമാനത്താവളത്തില്‍ ഭൂരിപക്ഷം ടാക്‌സികളും ഓടിയില്ല. ഇതോടെ തിങ്കളാഴ്ച വിമാനമിറങ്ങിയവര്‍ ദുരിതത്തിലായി. പരിശോധന കഴിഞ്ഞ് പുറത്തെത്തിയപ്പോഴാണ് ഹര്‍ത്താല്‍ പലരും അറിഞ്ഞത്. പൈലറ്റ് എത്താന്‍ വൈകിയതിനാല്‍ രണ്ട് വിമാനങ്ങളും വൈകി.
 

സാമൂഹികവിരുദ്ധര്‍ മുതലെടുക്കുന്നു

ആരുടെയും പേരിലല്ലാതെ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം ആഹ്വാനങ്ങള്‍ സാമൂഹികവിരുദ്ധശക്തികള്‍ മുതലെടുക്കുന്ന സാഹചര്യമാണ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തും. ഭാവിയില്‍ ഇത്തരം ആഹ്വാനങ്ങളുടെ ഭാഗമായുള്ള അതിക്രമങ്ങളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും തടയുന്നതിന് നിയമനടപടി സ്വീകരിക്കും

-ലോക്‌നാഥ് ബെഹ്‌റ, പോലീസ് മേധാവി