തിരുവനന്തപുരം: ജീവിച്ചിരിക്കുന്നവർ തന്നെയാണോ പെൻഷൻ വാങ്ങുന്നതെന്ന് ഉറപ്പാക്കുന്ന ബയോമെട്രിക് മസ്റ്ററിങ് ഡിസംബർ 31 വരെ നീട്ടി. എന്നാൽ, ഇതുവരെ മസ്റ്ററിങ് നടത്താത്തവർക്ക് ഇത്തവണ ക്ഷേമപെൻഷൻ കിട്ടില്ല. 31-നകം വിവരങ്ങൾ പുതുക്കുന്നവർക്ക് പെൻഷൻ കുടിശ്ശിക പിന്നീട് നൽകും.

മസ്റ്ററിങ് നടത്താതിരിക്കാൻ മതിയായ കാരണങ്ങളറിയിച്ച കിടപ്പുരോഗികളുൾപ്പെടെയുള്ളവർക്ക് പെൻഷൻ മുടങ്ങില്ല. എന്നാൽ, കാരണമായി നൽകിയ വിവരങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ പെൻഷൻ തിരിച്ചുപിടിക്കും.

തീയതി നീട്ടിയെങ്കിലും 20 മുതൽ പെൻഷൻവിതരണം നടക്കുന്നതിനാൽ 16 മുതൽ 21 വരെ മസ്റ്ററിങ് നടത്താനാവില്ല. 1200 രൂപവീതം നാലുമാസത്തെ പെൻഷനാണ് നൽകുന്നത്. മരിച്ചവരുടെ പെൻഷൻ വാങ്ങുന്ന ബന്ധുക്കളും ഒന്നിലധികം പെൻഷൻ വാങ്ങുന്നവരും ഉൾപ്പെടെ പത്തുമുതൽ 12 ലക്ഷത്തോളം അനർഹരെ മസ്റ്ററിങ്ങിലൂടെ ഒഴിവാക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത്രയും അനർഹർ ഒഴിവാകുന്നത് സർക്കാരിന് വലിയ ആശ്വാസമാകും. 47.21 ലക്ഷം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. 10.43 ലക്ഷം പേർ േക്ഷമനിധി പെൻഷനും. ഇവരിൽ 81 ശതമാനത്തോളം പേരാണ് മസ്റ്ററിങ് നടത്തിയത്.

അക്ഷയകേന്ദ്രങ്ങൾ വഴി ഇതുവരെ വിവരങ്ങൾ പുതുക്കാത്തവർ പെൻഷൻ കിട്ടേണ്ടവരുടെ പട്ടികയിൽനിന്ന് ഒഴിവാകും. കിടപ്പുരോഗികൾ, ശാരീരിക ബുദ്ധിമുട്ടുള്ളവർ, അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികൾ, മറ്റു കാരണങ്ങളാൽ അക്ഷയകേന്ദ്രങ്ങളിൽ എത്താനാവാത്തവർ എന്നിവർക്കാണ് മസ്റ്ററിങ്ങിന് ഇളവ്. ഇവർ വിവരങ്ങൾ കാണിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷിക്കാൻ നിർദേശം നൽകിയിരുന്നു.

അക്ഷയകേന്ദ്രം പ്രതിനിധികൾ ഇവരുടെ വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നത് തുടരുകയാണ്. ഇതിന് അപേക്ഷിക്കാനുള്ള തീയതി കഴിഞ്ഞെങ്കിലും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഇക്കാര്യത്തിൽ വിവേചനാധികാരം ഉപയോഗിക്കാം.

കിടപ്പുരോഗികളുൾപ്പെടെ ഒന്നരലക്ഷത്തോളം പേരുടെ അപേക്ഷകളാണ് ഇതുവരെ കിട്ടിയത്. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ ഗസറ്റഡ് ഓഫീസറോ വില്ലേജ് ഓഫീസറോ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് നൽകാനും ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചയും അക്ഷയകേന്ദ്രങ്ങൾ പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പെൻഷൻ വിതരണം ഇങ്ങനെ

പെൻഷൻവാങ്ങുന്നവർ ആകെ 57.64 ലക്ഷം

മസ്റ്ററിങ് ഇതുവരെ 45.89 ലക്ഷം

മസ്റ്ററിങ് നടത്തേണ്ടത് വാർധക്യകാല, കർഷകത്തൊഴിലാളി, വിധവ, വികലാംഗ, അവിവാഹിത പെൻഷനുകളും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും വാങ്ങുന്നവർ.

Content Highlights: welfare pension; mustering extended till december 31