വേനല്‍മഴ അഞ്ചുദിവസംകൂടി
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടെങ്കിലും അത് കേരളതീരത്തെ ബാധിക്കില്ല. കേരളത്തില്‍ അഞ്ചുദിവസംകൂടി സാമാന്യം പരക്കെ വേനല്‍മഴ പെയ്യുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രവചിച്ചു.

തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ആഫ്രിക്കന്‍ തീരത്തിനടുത്താണ് ന്യൂനമര്‍ദം രൂപംകൊണ്ടത്. ഇത് ലക്ഷദ്വീപില്‍നിന്ന് ഏതാണ്ട് ആയിരം കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ്. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് യെമെന്റെ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. ഇതിന്റെ ഗതി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍തീരത്തെ ബാധിക്കില്ല. എന്നാല്‍, ഈ ഭാഗത്ത് മീന്‍പിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്ന മഴയെ ഈ ന്യൂനമര്‍ദം സ്വാധീനിക്കില്ലെന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. ഇവിടെ വേനല്‍മഴ സജീവമാണ്. കഴിഞ്ഞദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ കിട്ടി. തിരുവനന്തപുരത്താണ് കൂടുതല്‍ മഴ പെയ്തത്; 10.02 സെന്റിമീറ്റര്‍.

എടവപ്പാതി എന്നുവരും?

കാലവര്‍ഷം ഇക്കുറി എന്നുവരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് ചൊവ്വാഴ്ച പ്രഖ്യാപിക്കും. സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങുന്നത്. ഇത് ഏതാനുംദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറാം.

പതിവിലും നേരത്തേ മേയ് 28-ന് കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് പ്രവചിച്ചിട്ടുണ്ട്. ഇവരുടെ വിലയിരുത്തലനുസരിച്ച് 20-ന് ആന്‍ഡമാന്‍ നിക്കോബാറില്‍ കാലവര്‍ഷമെത്തും.