കാളികാവ്: മഞ്ചക്കണ്ടിയിൽ മാവോവാദികളിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളിൽ ചിലത് ഒഡീഷയിൽ പോലീസ്‌സ്റ്റേഷൻ ആക്രമിച്ച്‌ തട്ടിയെടുത്തതെന്ന് പോലീസ്. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ മരിച്ചതായി പോലീസ് പറയുന്ന കാർത്തി 2004ൽ ഒഡീഷയിലെ കോരാട്ട്പൂർ പോലീസ്‌സ്റ്റേഷൻ ആക്രമണ കേസിലെ പ്രതിയാണ്.

സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കൈക്കലാക്കി മടങ്ങുന്ന മാവോവാദികളുടെ ദൃശ്യങ്ങളും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. മഞ്ചക്കണ്ടിയിലെ മാവോവാദി ക്യാമ്പിൽ നിന്ന് ലഭിച്ച പെൻഡ്രൈവിലെ ദൃശ്യങ്ങളാണിതെന്നാണ് പോലീസ് അവകാശപ്പെടുന്നത് .

ആയുധങ്ങൾ കൂട്ടിവെച്ച് മാവോവാദികളുടെ പേര് വിളിച്ച് കൈമാറുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. എ.കെ. 47, എസ്.എൻ.ആർ. (സെൽഫ് ലോഡിങ് റൈഫിൾ) ഗ്രനേഡ്, വെടിയുണ്ടകൾ എന്നിവയുടെ ശേഖരമാണ് ദൃശ്യത്തിലുള്ളത്.

ഡോക്യുമെന്റേഷൻ നടത്തുന്നതിനാണ് മാവോവാദികൾ ദൃശ്യങ്ങൾ സൂക്ഷിക്കുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

Content Highlights: weapons recovered from Maoists is originally owned by Odisha Police