കൊച്ചി: മലയാള സിനിമയിലെ ആദ്യ അഭിനേത്രിയായ പി.കെ. റോസിയുടെ പേരിൽ ഫിലിംസൊസൈറ്റി തുടങ്ങാൻ മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി.) തീരുമാനിച്ചു.

സിനിമാചരിത്രത്തിൽനിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണസ്വത്വങ്ങളാൽ മാറ്റിനിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനും അതിനെക്കുറിച്ചു സംസാരിച്ചുതുടങ്ങാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംഘാടകർ പറയുന്നു. 1928-ൽ പുറത്തിറങ്ങിയ ‘വിഗതകുമാരൻ’ എന്ന നിശ്ശബ്ദചിത്രത്തിൽ അഭിനയിച്ചുവെന്ന ഒറ്റക്കാരണത്താൽ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് റോസിയെന്ന് സംഘടന ചൂണ്ടിക്കാട്ടി.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനറായ സോയ റിയാസ് രൂപകല്പന ചെയ്ത ലോഗോയും സംഘടന സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മിക്കപ്പോഴും ആണിടങ്ങളാവാറുള്ള സ്ഥലങ്ങളിൽ ഒരിടം സൃഷ്ടിക്കാനുള്ള ശ്രമമാണ് പി.കെ. റോസി ഫിലിം സൊസൈറ്റി.

സ്ത്രീകളായ സംവിധായകരെയും ചലച്ചിത്രപ്രവർത്തകരെയും സ്ത്രീപക്ഷ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തെയും പ്രദർശിപ്പിക്കുകയും ചർച്ചചെയ്യുകയും ആഘോഷിക്കുകയുമാണ് സൊസൈറ്റിയുടെ ലക്ഷ്യം. പൂർണമായും സ്ത്രീ/ട്രാൻസ്‌ സ്ത്രീകളാൽ നയിക്കപ്പെടുന്നതാകും സൊസൈറ്റിയെന്നും സംഘാടകർ പറഞ്ഞു.

തീരുമാനം മാതൃകാപരം

മലയാള സിനിമയിലെ ആദ്യ അഭിനേത്രിയായ പി.കെ. റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കാനുള്ള വിമെൻ ഇൻ സിനിമ കളക്ടീവിന്റെ തീരുമാനം മാതൃകാപരമാണ്. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ, സമൂഹത്തിലെ താഴ്ന്നജാതിയിലായതിന്റെ പേരിൽ വേട്ടയാടപ്പെട്ട സ്ത്രീയാണ് റോസി. അവരുടെ പേരിൽ തുടങ്ങുന്ന ഈ സംരംഭം കേരളത്തിലെ സ്ത്രീകൾക്കാകെ പ്രചോദനമായിരിക്കും.

-മന്ത്രി എ.കെ. ബാലൻ

content highlights: WCC to launch film society in P.K Rosy’s name