കല്പറ്റ: കോൺഗ്രസ് സ്ഥാനാർഥിനിർണയം വൈകുന്നതിൽ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ അതൃപ്തി പരസ്യമാക്കിയതോടെ വയനാട്ടിലെ അനിശ്ചിതത്വം യു.ഡി.എഫിനെ ഉലയ്ക്കുന്നു.
എതിരാളികൾ പ്രചാരണരംഗത്ത് ഏറെ മുന്നേറുമ്പോഴും തങ്ങൾക്ക് പ്രാഥമികമായ ജോലികൾപോലും തുടങ്ങാനായിട്ടില്ലെന്നാണ് ഘടക കക്ഷികളുടെ പരാതി. ഇക്കാര്യം മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി പരസ്യമായി ഉന്നയിച്ചതോടൊപ്പം പാർട്ടി നേതൃത്വത്തെയും കോൺഗ്രസ് നേതൃത്വത്തെയും ആശങ്ക അറിയിക്കുകയും ചെയ്തു.
പ്രഖ്യാപനം വൈകുന്നത് ശുഭസൂചകമാണെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. വൈകുന്തോറും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് സംസ്ഥാനത്തെ ഒരു മുതിർന്ന നേതാവ് ‘മാതൃഭൂമി’യോട് പറഞ്ഞു. ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നതിനെക്കുറിച്ച് വെള്ളിയാഴ്ച പുറത്തുവന്ന രാഹുലിന്റെ പരാമർശവും കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ നിലനിർത്തുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചത്. ഇതോടെ സ്ഥാനാർഥിയായിരുന്ന ടി. സിദ്ധിഖ് പിൻമാറി. ഒരാഴ്ചയായിട്ടും ഇക്കാര്യത്തിൽ തീരുമാനമാകാത്തത് ഘടകകക്ഷികളിലെന്നപോലെ കോൺഗ്രസിനുള്ളിലും കടുത്ത ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇനി രാഹുൽ വന്നില്ലെങ്കിൽ കേരളത്തിലെ യു.ഡി.എഫ്. സാധ്യതകളെ ബാധിക്കുമെന്ന് വയനാട് ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
പ്രഖ്യാപനം വൈകുന്നതിൽ മുസ്‌ലിം ലീഗിന് മാത്രമല്ല, യു.ഡി.എഫിന് ആകെ അതൃപ്തിയുണ്ടെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീം പറഞ്ഞു. പ്രവർത്തകർ നിരാശരാണ്. സ്ഥാനാർഥിനിർണയം അനിശ്ചിതമായി നീളുന്നതിൽ ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗവും കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
തിരഞ്ഞടുപ്പിന് 25 ദിവസങ്ങൾമാത്രം അവശേഷിക്കുമ്പോഴും സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് വയനാട്ടിലെ യു.ഡി.എഫ്., മുസ്‌ലിം ലീഗ് പ്രവർത്തകരിലും അണികളിലും അസ്വസ്ഥതയും നിരാശയുമുണ്ടാക്കാൻ കാരണമാവും. വയനാടിന്റെ സമഗ്ര വികസനത്തിന് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഗുണകരമാവുമെന്നും ലീഗ് യോഗം വിലയിരുത്തി. യു.ഡി.എഫ്. സ്ഥാനാർഥി ആരാണെങ്കിലും അവരുടെ ഉജ്ജ്വലവിജയത്തിനായി ആത്മാർഥമായി പ്രവർത്തിക്കാൻ മുസ്‌ലിം ലീഗ് ജില്ലാകമ്മിറ്റി പ്രവർത്തകരോട് ആഹ്വാനംചെയ്തു.