കാസര്‍കോട്: കടലിന്റെ സ്വഭാവം കരയിലേക്കറിയിക്കുന്ന ഡേറ്റാ ബൂയ് കാണാനില്ല. ലക്ഷദ്വീപ് തീരത്താണ് ഇത് സ്ഥാപിച്ചിരുന്നതെങ്കിലും ബൂയ് വടക്കന്‍ കേരളത്തിന്റെ തീരക്കടലില്‍ ചുറ്റിക്കറങ്ങുന്നതായാണ് വിവരം. എന്നാല്‍, സംഗതി എവിടെയെന്നു കണ്ടുപിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍.ഐ.ഒ.ടി.) കാലാവസ്ഥാനിരീക്ഷണത്തിനായി ലക്ഷദ്വീപിന് സമീപം സ്ഥാപിച്ച വേവ്റൈഡര്‍ ബൂയാണ് (ഡേറ്റാ ബൂയ്) കാണാതായത്.

മാസങ്ങള്‍ക്കുമുമ്പുതന്നെ യന്ത്രത്തിന് കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. അന്നേ തുടങ്ങിയതാണ് തിരച്ചില്‍. കഴിഞ്ഞദിവസം മലപ്പുറം താനൂരില്‍നിന്നുള്ള യുവാവിന്റെ ഫെയ്‌സ്ബുക്കില്‍ യന്ത്രത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു. കടലില്‍വെച്ച് ലഭിച്ച വസ്തുവാണിതെന്ന് യുവാക്കള്‍ പറയുന്നതും യന്ത്രത്തിനുപുറത്ത് തൊഴിലാളികള്‍ കയറിയിരിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. എന്നാല്‍, അധികൃതര്‍ തിരഞ്ഞുചെന്നപ്പോഴേക്കും ബൂയ് 'കടന്നുകളഞ്ഞിരുന്നു'!

തിരച്ചില്‍ ഊര്‍ജിതം

യന്ത്രം കണ്ടെത്തുന്നതിന് മലബാറിന്റെ കടല്‍മേഖലയില്‍ പരിശോധന ആരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിട്ടുണ്ട്. ചെന്നൈയില്‍നിന്ന് ഭൗമശാസ്ത്ര അധികൃതരും ഇതിനായി എത്തിയിട്ടുണ്ട്. കോടികള്‍ വിലയുണ്ട് ഡേറ്റാ ബൂയ്ക്ക്.

എന്താണ് ഡേറ്റാ ബൂയ്

സമുദ്രങ്ങള്‍ക്കുള്ളിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായി കടല്‍പ്പരപ്പില്‍ സ്ഥാപിക്കുന്ന യന്ത്രമാണ് ഡേറ്റാ ബൂയ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, കാറ്റിന്റെ ഗതി, വേഗം തുടങ്ങിയവ കണ്ടെത്തുന്നതിനായി സെന്‍സറുകളും ഊര്‍ജം ലഭിക്കുന്നതിനുള്ള സോളാര്‍ പാനലുകളും അടങ്ങിയതാണ് ഡേറ്റാ ബൂയ്. 

യന്ത്രം കണ്ടെത്തുന്ന വിവരങ്ങള്‍ ഇലക്ട്രോണിക് സിഗ്‌നലുകളാക്കി കേന്ദ്ര ഭൗമശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ കണ്‍ട്രോള്‍ റൂമിലേക്കെത്തിക്കും. കടല്‍പ്പരപ്പില്‍ ഒഴുകിനടക്കുന്ന രീതിയിലാണ് ഡേറ്റാ ബൂയികള്‍ സ്ഥാപിക്കുന്നത്. നഷ്ടപ്പെടാതിരിക്കുന്നതിനായി ചങ്ങലയോ നൈലോണ്‍ കയറുകളോ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടുമായി ബന്ധിപ്പിക്കാറുമുണ്ട്.

Content Highlights: Wave rider buoy installed at sea is missing