പാലക്കാട്: സംസ്ഥാനത്തെ 44 പുഴകളിലൂടെ വർഷംതോറും കടലിലേക്ക് ഒഴുകിപ്പോവുന്നത് ശരാശരി 28,300 എം.എം. ക്യൂബ് (2830 കോടി ഘനമീറ്റർ) വെള്ളം. 53 അണക്കെട്ടുകളിലും റിസർവോയറിലുമായി സംഭരിക്കുന്നത് 11.032 ബി.സി.എം. വെള്ളമാണ്. കണക്കെടുപ്പ് കൃത്യമായി നടത്തുന്ന സംസ്ഥാനങ്ങളുടെ റാങ്കിൽ കേരളം എട്ടാമതെത്തി.

അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് വീഴുന്ന മഴവെള്ളവും ശേഖരിക്കാനാവാതെ കടലിലേക്ക് ഒഴുകിപ്പോകുന്ന നദികളിലെ വെള്ളത്തിന്റെ അളവും അടക്കമുള്ള വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തിയാണ് ജലവിഭവവകുപ്പിന്‌ കീഴിലുള്ള ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബ്യൂറോ മികവ് പുലർത്തിയത്.

കഴിഞ്ഞവർഷം കണക്കെടുപ്പിൽ കേരളം 13-ാം സ്ഥാനത്തായിരുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്.) അടിസ്ഥാനമാക്കിയ പട്ടികയിൽ ഗുജറാത്താണ് ഒന്നാമത്. ജലസംരക്ഷണം, പുഴകളിലെ വെള്ളം, ഡാമുകളിലെ ജലനിരപ്പ്, വൃഷ്ടിപ്രദേശത്തെ മഴ, നീരൊഴുക്ക് തുടങ്ങി 19 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കണക്കെടുപ്പ് നടത്തിയത്.

വരൾച്ച തടയാം

ജലവിഭവവിവരങ്ങൾ കൃത്യസമയത്ത് രേഖപ്പെടുത്തുന്നത് വരൾച്ച തടയാനും വെള്ളപ്പൊക്കം നിയന്ത്രിക്കാനും സഹായകമാവും. റാങ്കിങ്ങിൽ ജലസേചനത്തിനും കൃഷിക്കും ഏറെ പ്രാധാന്യംനൽകുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിനേക്കാൾ മുന്നിലെത്താൻ കേരളത്തിന്‌ കഴിഞ്ഞു. - ഐ.ഡി.ആർ.ബി. ചീഫ് എൻജിനിയറുടെ ഓഫീസ്

Content Highlights: water in kerala rivers