തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെച്ചൊല്ലി ബി.ജെ.പി. അവലോകന യോഗത്തിൽ വാക്പോര്. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽനടന്ന ജില്ലാതല തിരഞ്ഞെടുപ്പ് അവലോകനയോഗത്തിലായിരുന്നു സംഭവം.

കഴക്കൂട്ടത്തെ പരാജയത്തിനുകാരണമായത് സ്ഥാനാർഥിനിർണയം വൈകിയതാണെന്ന വിമർശനമാണ് സംസ്ഥാന നേതൃത്വത്തിനെതിരേ ഉയർന്നത്. നെടുമങ്ങാട്ട് വോട്ടുകുറഞ്ഞതിലും മണ്ഡലംകമ്മിറ്റിയുടെ റിപ്പോർട്ടിനെതിരേയും സ്ഥാനാർഥി ജെ.ആർ. പദ്മകുമാർ രംഗത്തെത്തി. മുൻ ജില്ലാപ്രസിഡന്റ് എസ്.സുരേഷും വിമർശനങ്ങളുമായി രംഗത്തെത്തിയതോടെ ജില്ലാ കോർകമ്മിറ്റി വിളിച്ച് വീഴ്ചകൾ ചർച്ചചെയ്യാൻ കെ. സുരേന്ദ്രൻ നിർദേശിച്ചു. നേമത്തടക്കം അടിയുറച്ച ബി.ജെ.പി. വോട്ടുകൾ ചോർന്നെന്നും യോഗം വിലയിരുത്തി.

പാർട്ടി പത്തുവർഷത്തോളം പിന്നോട്ടുപോയ സ്ഥിതിയാണെന്നും യോഗത്തിൽ ആരോപണമുയർന്നു. ശോഭാ സുരേന്ദ്രൻ യോഗത്തിൽ പങ്കെടുത്തില്ല. എന്തിനുവേണ്ടി ബി.ജെ.പി.ക്ക് വോട്ടുചെയ്യണം എന്നതിന് വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി വോട്ടുതേടാൻ നേതൃത്വത്തിനുകഴിഞ്ഞില്ലെന്ന് മണ്ഡലം പ്രസിഡന്റുമാർ വിമർശിച്ചു.

വട്ടിയൂർക്കാവിൽ മത്സരിച്ച ജില്ലാപ്രസിഡന്റ് വി.വി.രാജേഷിന് പാർട്ടിവോട്ടുകൾമാത്രമാണ്‌ ലഭിച്ചതെന്നാണ്‌ വിലയിരുത്തൽ. ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളായ ഒമ്പത് വാർഡുകളിൽ മാത്രമാണ്‌ ഭൂരിപക്ഷം ലഭിച്ചത്. കഴിഞ്ഞതവണ കുമ്മനം രാജശേഖരൻ നേടിയതിനെക്കാൾ രണ്ടായിരത്തിലേറെ വോട്ടിന്റെ കുറവുണ്ടായി.

വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ തനിക്ക് വോട്ട് ഉയർത്താനായെന്ന് രാജേഷ് അവകാശപ്പെട്ടത് അന്ന് സ്ഥാനാർഥിയായിരുന്ന എസ്.സുരേഷിനെ പ്രകോപിപ്പിച്ചു. സുരേഷ് ജില്ലാപഞ്ചായത്ത് സീറ്റ് കൈവിട്ടെന്നുകൂടി ആരോപണം വന്നതോടെ മറുപടിയുമായി സുരേഷും രംഗത്തെത്തി.

അടിസ്ഥാനവോട്ടിൽ കുറവുണ്ടായില്ലെന്ന് നേതൃത്വം

ബി.ജെ.പി.യുടെ അടിസ്ഥാനവോട്ടിൽ കുറവുണ്ടായിട്ടില്ലെന്നാണ് ജില്ലാനേതൃത്വം വ്യക്തമാക്കിയത്. നേമത്ത് ഭൂരിപക്ഷസമുദായ വോട്ടുകൾ യു.ഡി.എഫ്. നേടിയത്‌ തിരിച്ചടിയായി. 2016-ലും തുടർന്നും ബി.ഡി.ജെ.എസിന്റെ പിന്തുണകൊണ്ട് ലഭിച്ച സമുദായ വോട്ടുകൾ ഇത്തവണ ലഭിച്ചില്ല. ഇത് എൽ.ഡി.എഫിലേക്ക്‌ പോവുകയായിരുന്നെന്നും നേതാക്കൾ പറയുന്നു.

content highlights: war of words between leaders at bjp review meeting