കോയമ്പത്തൂർ: നാലുവീടുകൾക്കുമേൽ കൂറ്റൻ മതിലിടിഞ്ഞുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന 17 പേർ മരിച്ചു. മേട്ടുപ്പാളയം നടൂരിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു ദുരന്തം. 12 സ്ത്രീകളും മൂന്നുപുരുഷന്മാരും രണ്ടുകുട്ടികളുമാണ് മരിച്ചത്. സ്വകാര്യവ്യക്തിയുടെ പറമ്പിലെ 20 അടി ഉയരമുള്ള കരിങ്കൽമതിൽ കനത്തമഴയിൽ വെള്ളമിറങ്ങിയാണ് നിലംപതിച്ചത്. ബന്ധുക്കളാണ് മരിച്ചവരെല്ലാം.
രണ്ടുദിവസമായി മേട്ടുപാളയം മേഖലയിൽ കനത്തമഴയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഇടിമുഴക്കംപോലെ അയൽവീട്ടുകാർ ശബ്ദംകേട്ടിരുന്നു. അഞ്ചരയോടെ പ്രാഥമികാവശ്യങ്ങൾക്കായി പുറത്തിറങ്ങിയവരാണ് മതിലിടിഞ്ഞതുകണ്ടത്. വീടുകളുണ്ടായിരുന്ന സ്ഥലത്ത് കല്ലും മണ്ണും ചെളിയും മാത്രമായിരുന്നു.
വിവരമറിയിച്ചതോടെ അഗ്നിരക്ഷാവിഭാഗവും പോലീസും രക്ഷാപ്രവർത്തനത്തിനെത്തി. നാലുവീടുകളിലുണ്ടായിരുന്ന മുഴുവൻപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പിന്നീട് മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മരിച്ചവരുടെ ആശ്രിതർക്ക് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
സർക്കാർ അനുവദിച്ച ഒന്നേമുക്കാൽ സെന്റ് സ്ഥലത്തുവെച്ച രണ്ട് കോൺക്രീറ്റ് വീടുകളും രണ്ട് ഓടുമേഞ്ഞ വീടുകളുമാണ് തകർന്നത്. 150 ചെറുവീടുകളാണ് ആദിദ്രാവിഡർ കോളനിയിലുള്ളത്. അപകടത്തിൽപ്പെട്ട വീടുകളിൽ താമസമുണ്ടായിരുന്നവരിൽ സെക്യൂരിറ്റിജോലിക്കുപോയ ഒരാളും ബന്ധുവീട്ടിൽപോയ ഒരുസ്ത്രീയും ഞായറാഴ്ച പുതിയ വീട്ടിലേക്ക് താമസംമാറിയ ഒരു യുവതിയും രണ്ടുകുട്ടികളും മാത്രമാണ് ജീവനോടെ ശേഷിക്കുന്നത്.
മതിൽപൊളിച്ചുനീക്കണമെന്ന് എട്ടുവർഷമായി നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. മതിലുള്ള പറമ്പിന്റെ ഉടമസ്ഥനെ അറസ്റ്റുചെയ്യണമെന്നും മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷവും ജോലിയും നൽകണമെന്നാവശ്യപ്പെട്ടും ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തി. ഇവർ ഊട്ടി-മേട്ടുപ്പാളയം ദേശീയപാത ഉപരോധിച്ചു. ഒന്നരമണിക്കൂർ ഗതാഗതം മുടങ്ങി. ആവശ്യങ്ങൾ പരിഗണിക്കാമെന്നും മതിൽകെട്ടിയതിൽ നിയമലംഘനമുണ്ടങ്കിൽ നടപടിയെടുക്കുമെന്നും കോയമ്പത്തൂർ കളക്ടർ കെ. രാജാമണി പറഞ്ഞു.
കോയമ്പത്തൂരിൽനിന്നുൾപ്പെടെ എത്തിയ അഞ്ചുഡോക്ടർമാർ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.
content highlights: wall falls on houses kills 17 people in mettuppalayam