കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി (പോക്സോ കോടതി) വിധി റദ്ദാക്കി പുനർവിചാരണ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി വിധിപറയാൻ മാറ്റി. സർക്കാരും പെൺകുട്ടികളുടെ അമ്മയും നൽകിയ അപ്പീലുകളിൽ വാദം പൂർത്തിയായതിനെ തുടർന്നാണ് ജസ്റ്റിസ് എ. ഹരിപ്രസാദും ജസ്റ്റിസ് എം.ആർ. അനിതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജികൾ വിധിപറയാൻ മാറ്റിയത്.

കേസിൽ പ്രതികളായ വലിയ മധു, ചെറിയ മധു, ഷിബു എന്നിവരുടെ പേരിലുള്ള നാലു കേസുകളിലാണ് വാദം പൂർത്തിയായത്. ആകെ ആറു കേസുകളാണ് ഉണ്ടായിരുന്നത്. മറ്റൊരു പ്രതിയായ പ്രദീപ് കഴിഞ്ഞ ദിവസം ആത്മഹത്യചെയ്തതിനെ തുടർന്ന് രണ്ടു കേസുകൾ ഒഴിവാക്കി.

വലിയ മധു രണ്ട് കുട്ടികളെയും മറ്റു രണ്ടു പ്രതികൾ മൂത്ത കുട്ടിയെയും പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തെളിവുകളുടെ അഭാവത്തിൽ പോക്സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു.

തെളിവുകൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ സ്പെഷൽ പ്രോസിക്യൂട്ടർ പരാജയപ്പെട്ടെന്നും മൊഴികൾ കണക്കിലെടുക്കുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായെന്നുമായിരുന്നു സർക്കാർ വാദം. സമാനമായ വാദമാണ് പെൺകുട്ടികളുടെ അമ്മയ്ക്കായി ഹാജരായ അഭിഭാഷകനും ഉന്നയിച്ചത്.

13 വയസ്സുകാരിയെ 2017 ജനുവരി 13-നും ഒമ്പതു വയസ്സുകാരിയെ മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.