പാലക്കാട്: വാളയാർ അട്ടപ്പള്ളത്തെ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം. പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർ പാർട്ടിയിലുണ്ടാവില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ. ജില്ലയിലെ 15 ഏരിയാ കമ്മിറ്റികളിലും തിങ്കളാഴ്ച വിശദീകരണ യോഗം സംഘടിപ്പിക്കും.

പ്രതികൾ രക്ഷപ്പെട്ടതോടെ വിഷയം സി.പി.എമ്മിന്റെ തലയിൽ ചാർത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ചില ചിത്രങ്ങൾ ദുരുപയോഗംചെയ്ത് പ്രതികൾക്ക് സി.പി.എം. ബന്ധമുണ്ടെന്ന് വ്യാജപ്രചാരണമുണ്ട്. എന്നാൽ, ആർ.എസ്.എസ്. ശാഖ നടത്തിയിരുന്ന കേസിലെ പ്രതിയെപ്പറ്റി ആരും പറയുന്നില്ല.

ആദ്യത്തെ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് സ്ഥലം എസ്.ഐ.യെ ചുമതലയിൽനിന്ന് മാറ്റി. എ.എസ്.പി. പൂങ്കുഴലിയുടെ മേൽനോട്ടത്തിലുള്ള സംഘത്തെ നിയമിച്ചു. തുടർന്ന് ഡിവൈ.എസ്.പി. എം.കെ. സോജനെ പ്രത്യേകാന്വേഷണസംഘം തലവനായി നിയോഗിച്ചാണ് അന്വേഷണം മുന്നോട്ടുപോയത്.

അന്വേഷണത്തിൽ എന്തെങ്കിലും പാളിച്ചയുള്ളതായി അന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനടക്കമുള്ളവർ മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിച്ചപ്പോൾ ആരും ആരോപണങ്ങൾ ഉന്നയിച്ചില്ല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.വി. വിജയദാസ് എം.എൽ.എ., സംസ്ഥാന കമ്മിറ്റി അംഗം എം.ബി. രാജേഷ്, പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: walayar case-cpm