കൊച്ചി: വാളയാറിലെ സഹോദരിമാരുടെ മരണത്തിൽ അമ്മ നൽകിയ അപ്പീലിൽ എതിർകക്ഷികൾക്കു നോട്ടീസിന് ഹൈക്കോടതി നിർദേശം. കേസിലെ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതിയുടെ വിധിക്കെതിരേയാണ് അപ്പീൽ.

ഒമ്പതു വയസ്സുകാരിയുടെ ദുരൂഹ മരണത്തെത്തുടർന്ന് രജിസ്റ്റർചെയ്ത കേസിലെ പ്രതി പ്രദീപ്കുമാർ, പതിമ്മൂന്നുകാരി മരിച്ച കേസിലെ പ്രതി മധു എന്നിവരെയാണ് വെറുതേവിട്ടത്. സർക്കാരിനു പുറമേ ഈ പ്രതികൾക്കും നോട്ടീസ് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പ്രതികളെ വെറുതേവിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധി റദ്ദാക്കി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ച് പുനർവിചാരണ നടത്തണമെന്നാണ് അപ്പീലിൽ ആവശ്യപ്പെടുന്നത്.

സർക്കാരും അപ്പീൽ നൽകും

വാളയാർ കേസ് പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടതിനെതിരേ സർക്കാർ അപ്പീൽ നൽകും. വ്യാഴാഴ്ച അപ്പീൽ നൽകാനാണ് ഒരുങ്ങുന്നത്. കേസിന്റെ രേഖകളും ഫയലുകളും അന്വേഷണ ഉദ്യോഗസ്ഥൻ ബുധനാഴ്ച ഡി.ജി.പി. ഓഫീസിൽ ഹാജരാക്കി. വിചാരണ നേരിട്ട ആറു പ്രതികളെയും വെറുതേവിട്ടത് ചോദ്യം ചെയ്തായിരിക്കും സർക്കാര്‍ അപ്പീൽ നൽകുക.