കൊച്ചി: വാളയാറിൽ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളെ വെറുതേ വിട്ടതിനെതിരേ പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ അപ്പീൽനൽകി. അപ്പീൽ ബുധനാഴ്ച കോടതി പരിഗണിച്ചേക്കും.

ഒൻപത് വയസ്സുകാരിയുടെ ദുരൂഹ മരണത്തെത്തുടർന്ന് രജിസ്റ്റർചെയ്ത കേസിലെ പ്രതി വാളയാർ നാഗംകുളങ്ങര സ്വദേശി പ്രദീപ് കുമാർ, 13-കാരിയുടെ മരണത്തെത്തുടർന്നുള്ള കേസിൽ പ്രതിയായ പാലക്കാട് പുതുശ്ശേരി സ്വദേശി വലിയ മധുവെന്ന മധു എന്നിവരെ വെറുതേവിട്ട പാലക്കാട് പോക്സോ കോടതി വിധിക്കെതിരേയാണ് അപ്പീൽ. മറ്റു പ്രതികളെ വെറുതേവിട്ടതിനെ ചോദ്യംചെയ്ത് അടുത്തദിവസം അപ്പീൽ നൽകും.

വിധി റദ്ദാക്കി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ച് പുനർവിചാരണ നടത്തണമെന്ന് അപ്പീലിൽ ആവശ്യപ്പെടുന്നു. ബെസ്റ്റ് ബേക്കറി കേസിൽ സുപ്രീംകോടതി നിർദേശിച്ച തത്ത്വങ്ങൾ ഈ കേസിൽ ബാധകമാണ്. ഹർജിക്കാരിയും ഭർത്താവും നൽകിയ ദൃക്‌സാക്ഷി മൊഴി വിശ്വാസത്തിലെടുക്കാതെ പ്രതികളെ വെറുതേവിട്ടു.

അന്വേഷണം ഏറ്റെടുത്ത പുതിയ ഉദ്യോഗസ്ഥന് മുന്നിലാണ് ദൃക്‌സാക്ഷി മൊഴി നൽകിയതെന്നും മുമ്പ് ഇക്കാര്യം പറഞ്ഞില്ലെന്നുമാണ് വാദമുന്നയിച്ചത്. കുട്ടികളുടെ ഭാവി ഓർത്താണ് മിണ്ടാതിരുന്നതെന്ന വാദം കണക്കിലെടുത്തില്ല. മൊഴി രേഖപ്പെടുത്തിയതിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ തിരിമറി നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിചാരണ കോടതി പറയുന്നു. അനാവശ്യമായ നിഗമനങ്ങൾ വിധിന്യായത്തിലുണ്ട്. ശരിയായ നിലയ്ക്ക് വസ്തുതകൾ കാണാതെ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തു. കുട്ടികൾ പീഡിപ്പിക്കപ്പെട്ടത് അർഹതപ്പെട്ട ഗൗരവത്തിൽ കാണാതെ ലാഘവത്തിലെടുത്തു. ഇത്തരം കേസുകളിൽ കോടതിക്ക് മൂകസാക്ഷിയായിരിക്കാനാവില്ല.

തെളിവെടുപ്പ് ഫലപ്രദമാക്കാനുള്ള ഇടപെടൽ കോടതിയിൽ നിന്നുണ്ടായില്ല. പ്രതികൾക്കുവേണ്ടി ഹാജരായ ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ പ്രോസിക്യൂഷന്റെ പരാജയത്തിന് വഴിയൊരുക്കി. കൊലക്കേസായിട്ടും അന്വേഷണസംഘം പ്രതികളുടെ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി രാഷ്ട്രീയനേതൃത്വത്തെ അനുസരിച്ചു. പുനർവിചാരണയ്ക്ക് ആവശ്യമായ അസാധാരണമായ സാഹചര്യങ്ങൾ കേസിലുണ്ടെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.