ആലപ്പുഴ: ‘ഞാനാണോ മൂത്തത് അച്യുതാനന്ദനാണോ ’- ഗൗരിയമ്മ ചോദിച്ചു. കുലുങ്ങിച്ചിരിച്ച് വി.എസ്. മറുപടി നൽകി. ‘ഗൗരിയമ്മ തന്നെയാണ് മൂത്തത്. ഞാൻ ഇപ്പോഴും എളപ്പാണ്.’

വർഷങ്ങൾനീണ്ട ഇടവേളയ്ക്കുശേഷം ഗൗരിയമ്മയും വി.എസും കണ്ടുമുട്ടിയപ്പോൾ വിപ്ലവച്ചൂളയിൽ നർമത്തിന്റെ പൂത്തിരി. ചാത്തനാട്ടെ ഗൗരിയമ്മയുടെ വീട്ടിൽ 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ ഇരുവരും ഒട്ടേറെക്കാര്യങ്ങൾ ഓർത്തെടുത്തു.

ഗൗരിയമ്മയ്ക്ക് പിറന്നാൾ ആശംസ നേരാനാണ് മകൻ അരുൺകുമാറിനൊപ്പം വി.എസ്. എത്തിയത്. ഗൗരിയമ്മയുടെ ജന്മശതാബ്ദി ആഘോഷത്തിന് അതിഥിയായി വി.എസിനെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് ശാരീരികപ്രശ്നങ്ങൾ കാരണം എത്താനായിരുന്നില്ല.

പിറന്നാൾ ആശംസ നേരാനാണ് വന്നതെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ സദ്യയില്ലെന്നായി ഗൗരിയമ്മ. പോലീസേ.. പോലീസേ... എന്ന് നീട്ടിവിളി. എന്നിട്ട് ഗൺമാനോടായി പറഞ്ഞു അച്യുതാനന്ദന് എന്തെങ്കിലും കഴിക്കാനെടുക്ക്. ഉടൻ ലഡുവും കേക്കുമായി അടുക്കളയിൽനിന്ന് ഒരാളെത്തി. 96-ാം വയസ്സിലെ ആരോഗ്യപ്രശ്നങ്ങളെല്ലാം മറന്ന് വി.എസ്. ലഡുവെടുത്ത് ആവേശത്തോടെ കഴിച്ചു. ഗൗരിയമ്മയ്ക്ക് സന്തോഷം.

‘കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരീച്ചീടും....എന്നൊക്കെ പറഞ്ഞ് നടന്നതാ. ഒടുവിൽ മുഖ്യമന്ത്രിയായത് വി.എസ്.’-മുഖ്യമന്ത്രിയാകാൻ കഴിയാത്തതിലെ നീരസം ഗൗരിയമ്മ തുറന്നടിച്ചു. വി.എസ്. ചിരിച്ചു. അച്ഛനല്ല അന്ന് മുഖ്യമന്ത്രിയായതെന്ന് മകൻ അരുൺകുമാറിന്റെ തിരുത്ത്..

‘വി.എസിന്റെ കല്യാണം ഞാനാണ് നടത്തിയത്. എന്തൊരാളായിരുന്നു.’-ഗൗരിയമ്മ വീണ്ടും പഴയ ഓർമകൾ ചികഞ്ഞെടുത്തു. പിന്നെ അൽപ്പനേരം മൗനം.

കുട്ടനാട്ടിൽ ഭരണപരിഷ്കാര കമ്മിഷന്റെ പരിപാടിക്കെത്തിയതാണെന്ന് വി.എസ്. പറഞ്ഞു. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നായി ഗൗരിയമ്മ. കുഴപ്പമൊന്നുമില്ലെന്ന് വി.എസ്. അച്യുതാനന്ദൻ ഭാര്യയെ ഒപ്പം കൂട്ടാത്തതിലെ വിഷമവും ഗൗരിയമ്മ മറച്ചുവച്ചില്ല. അമ്മയ്ക്ക് വയ്യാത്തതുകൊണ്ടാണ് വരാതിരുന്നതെന്ന് അരുൺ കുമാറിന്റെ മറുപടി. വി.എസ്. കരിമീൻ പ്രിയനായിരുന്നെന്ന് ഗൗരിയമ്മ കൂടിനിന്നവരെ ഓർമപ്പെടുത്തി.

‘ഗൗരിയമ്മയെ വന്നു കണ്ടു. സന്തോഷമുണ്ട്.’- വർഷങ്ങൾനീണ്ട ഇടവേളയ്ക്കുശേഷം നാട്ടുകാരിയെ വീട്ടിലെത്തി കണ്ട വി.എസ്. പോകാനെഴുന്നേറ്റു. നൂറ്റിയൊന്നിലെത്തിയ ഗൗരിയമ്മ കസേരയിലിരുന്നുതന്നെ യാത്ര പറഞ്ഞു.

Content Highlights: vs achuthanandan meet kr gowri amma