പെരിയ(കാസർകോട്): ചിതയിൽ വെക്കാൻപോലും പറ്റാത്തവിധത്തിൽ കോൺഗ്രസുകാരെ ചിതറിപ്പിക്കുമെന്ന സി.പി.എം. നേതാവിന്റെ പ്രസംഗം വിവാദമാകുന്നു. പെരിയ ഇരട്ടക്കൊലപാതകത്തിന് മുമ്പ് സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.പി. മുസ്തഫയാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. ഇതിനെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസ് കമ്മിറ്റിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ജനുവരി അഞ്ചിന് കല്ല്യോട്ട് സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം പീതാംബരനും മറ്റും മർദനമേറ്റിരുന്നു. രണ്ടുദിവസംകഴിഞ്ഞ് ഏഴിന് നടന്ന പൊതുയോഗത്തിലാണ് മുസ്തഫ പ്രകോപനപരമായ പ്രസംഗം നടത്തിയത്.

‘പാതാളത്തോളം ഞങ്ങൾ ക്ഷമിച്ചുകഴിഞ്ഞു, ഇനി ചവിട്ടാൻ വന്നാൽ പാതാളത്തിൽനിന്ന് റോക്കറ്റുപോലെ കുതിച്ചുകയറും. അതിന്റെ വഴിയിൽ പിന്നെ കല്ല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല ഒരൊറ്റയൊരെണ്ണം ബാക്കിയില്ലാത്ത വിധത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വെക്കാൻ ബാക്കിയില്ലാത്തവിധം ചിതറിപ്പോകും. അങ്ങനെ ഒരു റോക്കറ്റുപോലെ പാതാളത്തിൽനിന്ന് ഉയർന്നുവരാനുള്ള അവസരമുണ്ടാക്കരുത്.

കേൾക്കുന്ന കോൺഗ്രസുകാരും കേൾക്കാത്ത കോൺഗ്രസുകാരെയുമൊക്കെ വിളിച്ചിട്ട് സമാധാനയോഗം നടത്തി ബേക്കൽ എസ്.ഐ. പറഞ്ഞുകൊടുക്കുക. നിങ്ങൾ കേസെടുത്തിട്ടില്ലെങ്കിലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും നിങ്ങൾക്ക് സി.പി.എമ്മിന്റെ രീതിയും സ്വഭാവവും ഇങ്ങനെയൊക്കെയാണെന്ന്‌ പറഞ്ഞുകൊടുക്കണം. ഞങ്ങൾ ഗാന്ധിയന്മാരല്ല, നിങ്ങളാണ് ഗാന്ധിയന്മാർ, ഗാന്ധിയുടെ പടം വെച്ചുനടക്കുന്നതും ഞങ്ങളല്ല. കോപ്രായം കാണിക്കാതെ നല്ലതുപോലെ ശ്രദ്ധിക്കുക -ഇതായിരുന്നു മുസ്തഫയുടെ പ്രസംഗത്തിലെ വിവാദ ഭാഗം.

മുസ്തഫയ്‌ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ ജില്ലാ പോലീസ് മേധാവിക്കും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വൽ ഐ.ജി.ക്കും പരാതി നൽകി. നടപടിയുണ്ടായില്ലെങ്കിൽ 25-ന് എസ്.പി. ഓഫീസ് മാർച്ച് നടത്തുമെന്ന് സാജിദ് മൗവ്വൽ പറഞ്ഞു.

ഒരുഭാഗം അടർത്തിയെടുത്ത് വിവാദമുണ്ടാക്കുന്നു

താൻ കൊലവിളിപ്രസംഗം നടത്തിയതായുള്ള ആരോപണം ശുദ്ധ അസംബന്ധമാണെന്ന് വി.പി.പി. മുസ്തഫ മാതൃഭൂമിയോട് പറഞ്ഞു. പ്രസംഗത്തിന്റെ ഒരുഭാഗംമാത്രം അടർത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ്. പ്രതിഷേധയോഗം ചേരാനുള്ള സാഹചര്യം ആരും വിലയിരുത്തുന്നില്ല. അവിടെ അക്രമം ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസംഗം നടത്തേണ്ടിവന്നത്. കല്ല്യോട് ഉൾപ്പെടുന്ന പ്രദേശത്തെ ജില്ലാപഞ്ചായത്ത് പ്രതിനിധിയായാണ് താൻ. അവിടെ സഖാക്കൾക്ക് നേരെ നടക്കുന്ന പ്രതിഷേധ യോഗത്തിൽ അക്രമികളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമെന്ന് പറയാൻ കഴിയില്ല. അവർക്ക് താക്കീത് കൊടുക്കുന്ന തരത്തിൽ പറയേണ്ടിവരും -മുസ്തഫ പറഞ്ഞു.

content highlights:   VPP Musthafa controversial threatening speech