തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ആർ.എസ്.എസിന്റെ വോട്ടുചോർത്തൽ സംഘടനയ്ക്കുള്ളിൽ ചർച്ചയാകുന്നു. സംഘവുമായി മുമ്പ് അടുപ്പമുണ്ടായിരുന്ന ഒരാളുടെ സഹായത്തോടെ ഒരുവിഭാഗത്തിന്റെ വോട്ട് ഇടത്‌ സ്ഥാനാർഥി വി.കെ. പ്രശാന്തിനു കിട്ടിയെന്നാണ് ആർ.എസ്.എസിനുള്ളിൽ നടക്കുന്ന ചർച്ച.

ആർ.എസ്.എസും ബി.ജെ.പി.യും തങ്ങളുടെ ‘എ ക്ലാസ്’ മണ്ഡലമായി കരുതുന്ന വട്ടിയൂർക്കാവിലെ ഈ അട്ടിമറി സംഘടനാ തലത്തിൽ ഔദ്യോഗികമായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. വട്ടിയൂർക്കാവിൽ മുതിർന്ന പ്രചാരകൻ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കാത്തതിലെ അമർഷവും സാമുദായികസംഘടനകളുടെ നിലപാടുകളോടുള്ള പ്രതിഷേധവുമാണ് ഇടതുസ്ഥാനാർഥിയെ സഹായിക്കാൻ പ്രേരണയായത്. സി.പി.എമ്മിന്റെ ചില നേതാക്കളുടെ അറിവോടെയാണിതെല്ലാം നടന്നതെന്നും പറയുന്നു.

തിരുവനന്തപുരത്ത് തദ്ദേശസ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനാണ് വോട്ടുമറിക്കലിന് ഇടനിലക്കാരനായതെന്നു പറയുന്നു. നേരത്തേ സംഘപരിവാർ യുവപ്രചാരകനായിരുന്ന ഇയാൾ പിന്നീട് സംഘടന വിടുകയും സി.പി.എമ്മിനോട് അനുഭാവം കാട്ടുകയും ചെയ്തു. ഇങ്ങനെയാണ് താത്കാലികജോലി നേടിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഇടപട്ടിരുന്ന ഇയാൾവഴിയാണ് സംഘംനേതാക്കളുടെ വോട്ടുറപ്പിക്കാനുള്ള നീക്കങ്ങൾ നടത്തിയത്.

വട്ടിയൂർക്കാവിൽ ബി.ജെ.പി., ആർ.എസ്.എസ്. വോട്ടുകൾ സി.പി.എമ്മിലേക്ക് എത്തിക്കാൻ ധാരണയുണ്ടെന്നു കോൺഗ്രസ് നേതാക്കൾ വോട്ടെടുപ്പിനു മുൻപുതന്നെ ആരോപിച്ചിരുന്നു. വോട്ടുമറിക്കൽ നടന്നെന്നു വട്ടിയൂർക്കാവിലെ മുൻ നിയമസഭാംഗം കൂടിയായ കെ. മുരളീധരനും പറഞ്ഞിരുന്നു. ഇതെല്ലാം ശരിവെക്കുന്നതാണ് ആർ.എസ്.എസിൽനിന്നു പുറത്തുവരുന്ന വിവരങ്ങളും.

Content Highlights: Decision against for not giving candidature to kummanam